ദേശീയപാത അലൈമെന്റ് മാറ്റം; പ്രതിഷേധം കനക്കുന്നു, ജനം പ്രക്ഷോഭത്തിലേക്ക്
text_fieldsഅടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ അലൈമെന്റ് മാറ്റുന്നതിനെതിരെ ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്. ദേശീയപാത 85 ആറുവരിപ്പാതയാക്കി വികസിപ്പിക്കുമ്പോൾ മൂവാറ്റുപുഴ മുതൽ പൂപ്പാറ വരെ ദേശീയപാതയുടെ അലൈമെന്റ് മാറ്റാനാണ് അധികൃതരുടെ തീരുമാനം.
ഈ പാത മൂവാറ്റുപുഴയിൽനിന്ന് പൈങ്ങോട്ടൂർ, മുരിക്കാശ്ശേരി, കുമളി വഴി ധനുഷ്കോടിയിൽ എത്തുമ്പോൾ 55 കിലോമീറ്റർ ദൂരം കുറയുമെന്ന് പറഞ്ഞാണ് വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിനെയും കോതമംഗലം, അടിമാലി തുടങ്ങിയ പട്ടണങ്ങളെയും ഒഴിവാക്കി പാതയുടെ അലൈമെന്റ് മാറ്റുന്നത്.
ഇതിന് മുന്നോടിയായി റവന്യൂ-ദേശീയപാത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക ടീമിനെയും നിയോഗിച്ചു. സർവേ പൂർത്തിയാക്കി സ്ഥലം ഏറ്റെടുക്കുന്നതടക്കം നടപടിയിലേക്കും നീങ്ങി. ഇടുക്കി എം.പി മുൻകൈയെടുത്താണ് ഇത്തരത്തിൽ അലൈമെന്റ് മാറ്റം എന്ന ആക്ഷേപവും ഉയർന്നു.
സ്വന്തം നാട്ടിലൂടെ ആറുവരിപ്പാത കടന്നുപോകുന്നതിന് വേണ്ടിയാണ് എം.പിയുടെ ഇടപെടലെന്നാണ് ആക്ഷേപം. ഇതോടെ പതിനായിരക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയായിരുന്ന ദേശീയപാതയുടെ പ്രയോജനം ഇല്ലാതാകും. 1989ലാണ് കൊച്ചി-മധുര ദേശീയപാത 49 നിലവിൽ വന്നത്.
കൊച്ചിയിൽനിന്ന് തുടങ്ങി മധുര വരെ നീളുന്ന ഈ ദേശീയപാത ധനുഷ്കോടി വരെ ദീർഘിപ്പിച്ചപ്പോൾ ദേശീയപാത 85 എന്നാക്കി മാറ്റി. നേര്യമംഗലം മുതൽ പൂപ്പാറ വരെ 100 അടി വീതിയിൽ റോഡിനായി സ്ഥലം രാജഭരണ കാലത്ത് നീക്കിയിട്ടിരുന്നതിനാലും വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ ഈ പാതയുടെ ഭാഗമാകുമെന്ന് കണ്ടുമാണ് ഇങ്ങനെ ദേശീയപാത പ്രഖ്യാപിക്കാൻ കാരണം.
അലൈമെന്റ് പുതിയ പാതയിലൂടെ മാറ്റുമ്പോൾ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ കോടികൾ അധികമായി നൽകണം. ഇതോടെ ദേശീയപാത ഇല്ലാതാകുന്ന ഭാഗത്തെ ജനങ്ങളുടെ രോക്ഷം കുറക്കാനാണ് ഈ ഭാഗത്ത് രണ്ടുവരിപ്പാത നിർമിക്കാൻ തീരുമാനം.
ജില്ലയിൽ ഏറ്റവും കൂടുതൽ വാഹനത്തിരക്കുള്ള പാതയയാണ് ആലുവ-മൂന്നാർ പാത. നിലവിൽ ഏറ്റവും വാഹനക്കുരുക്കുള്ളതും ഈ പാതയിലാണ്. എന്നാൽ, ജനവാസം കുറഞ്ഞ സ്ഥലങ്ങളിലൂടെ പുതിയ അലൈമെന്റ് വരുന്നത് വലിയ അഴിമതി മുന്നിൽക്കണ്ടാണ്.
ജനങ്ങളുടെ രോഷം കുറക്കാൻ രണ്ടുവരിപ്പാത നിലവാരത്തിൽ നിലവിലെ പാത വികസിപ്പിക്കണം. ഇതിന്റെ നിർമാണം ദേശീയപാത അധികൃതർ ആരംഭിക്കുകയും ചെയ്തു. 1016 കോടി ഇതിനായി വകയിരുത്തി നടക്കുന്ന നിർമാണ പ്രവർത്തനത്തിലും വലിയ ആക്ഷേപം ഉയർന്നുവന്നു.
അശാസ്ത്രീയ നിർമാണത്തിനെതിരെ ജനങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. ഫില്ലിങ് സൈഡ് കോൺക്രീറ്റ് ചെയ്ത് ഉയർത്തുകയും കട്ടിങ് സൈഡ് മതിലിന് സമാനമായി മാറ്റുകയും ചെയ്യുമ്പോൾ റോഡിനായി മാറ്റിയിട്ടിരിക്കുന്ന ഭൂമി നഷ്ടമാകുന്നതിന് പുറമെ സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളും വാണിജ്യപരമായ സ്ഥലങ്ങളും ഉപയോഗപ്രദമല്ലാതാകും.
ഈ സാഹചര്യത്തിൽ ദേശീയപാത 85 ഉപേഷിക്കുന്നതിനെതിരെയും ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ റോഡിനായി അനുവദിക്കപ്പെട്ട ഭൂമി എത്രയും വേഗം സർവേ നടപടികൾ പൂർത്തിയാക്കി ഏറ്റെടുത്തു ദേശീയപാത അതോറിറ്റിക്ക് കൈമാറാമെന്നും അശാസ്ത്രീയ റോഡ് നിർമാണം അവസാനിപ്പിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നത്.
ദേശീയപാത ഉപരോധവും മരം മുറിക്കൽ സമരവും ജൂലൈ നാലിന്
അടിമാലി: നിലവിലെ നിർമാണവുമായി ബന്ധപ്പെട്ട് അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റാത്തത്തിൽ പ്രതിഷേധിച്ചും ദേശീയപാതയുടെ അലൈമെന്റ് മാറ്റുന്നതിനെതിരെയും ഹൈറേഞ്ച് നാഷനൽ ഹൈവേ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധവും മരംമുറിക്കൽ സമരവും നടത്തും.
ജൂലൈ നാലിന് രാവിലെ 11ന് ദേശീയപാത 85ൽ വാളറയിലാണ് ദേശീയപാത ഉപരോധവും മരംമുറിക്കൽ സമരവും നടക്കുക. നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.50 കിലോമീറ്റർ രാജഭരണകാലം മുതൽ 100 അടി വീതിയുള്ളതും വനംവകുപ്പിന് യാതൊരുവിധ അധികാരവും ഇല്ലാത്തതാണ്. എന്നാൽ, വനം വകുപ്പ് തടസ്സങ്ങൾ ഉണ്ടാക്കുന്നു. ഇതുസംബന്ധിച്ച് ഹൈകോടതിയുടെ സുപ്രധാന വിധി മേയ് 28ന് ഉണ്ടായി.
എന്നാൽ, ഇതോക്കെ ലംഘിക്കപ്പെടുന്നു. നിരന്തരം അപകടം ഉണ്ടാകുന്ന ഈ മേഖലയിൽ അറ്റകുറ്റപ്പണി നടത്താനും കലുങ്കുകൾ നിർമിക്കാനും റോഡിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനുമുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്താനും റോഡിലേക്ക് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാനും വനം വകുപ്പ് ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.
ഇതുമൂലം നിരവധി അപകടങ്ങളും മരണങ്ങളും ഉണ്ടാവുകയും അനേകം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റോഡിന്റെ വീതി കുറക്കാനും നാഷനൽ ഹൈവേ എന്നുള്ള സ്റ്റാറ്റസ് ഇല്ലാതാക്കാനും ഉള്ള എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സൂചന സമരം നടത്തുന്നതെന്ന് സമരസമിതി നേതാക്കളായ പി.എം. ബേബി, ചാണ്ടി പി. അലക്സാണ്ടർ, കോയ അമ്പാട്ട്, കെ.എച്ച്. അലി, എം.എ. സൈനുദ്ദീൻ, കെ.കെ. രാജൻ, ബഷീർ പഴമ്പിളിത്താഴം എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.