പാഠം ഒന്ന്, പഴഞ്ചൻ തോണി....
text_fieldsനായിക്കുന്നിലെ കടത്തുവള്ളം
അടിമാലി: ഒരുവശത്ത് മഴ കോരിച്ചൊരിയുന്നു. മറുവശത്ത് പുതിയ അധ്യയനവർഷത്തിന് തുടക്കമാകുന്നു. അപ്പോഴും നായിക്കുന്നിലെ കുട്ടികൾക്ക് പള്ളിക്കൂടത്തിലെത്താൻ കടത്തുവള്ളം തന്നെ ആശ്രയം. അതും കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ കടത്തുവള്ളത്തിൽ. കല്ലാർകുട്ടിയിൽ അണക്കെട്ട് നിർമിച്ചതോടെയാണ് നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട് തുരുത്തിന് സമാനമായി വെള്ളത്തൂവൽ പഞ്ചായത്തിലെ നായിക്കുന്ന് മാറിയത്. 35 വർഷത്തിലേറെയായി കടത്തുവള്ളത്തെ ആശ്രയിച്ചാണ് നായിക്കുന്ന് നിവാസികൾ അക്കരെയിക്കരെ കടക്കുന്നത്. നായിക്കുന്നിൽ നിന്നും കല്ലാർകുട്ടി റേഷൻ കട ജംഗ്ഷനിലേക്കാണ് നാട്ടുകാരുടെ ഏക ആശ്രയമായ കടത്തുവള്ളം പോകുന്നത്. പഞ്ചായത്ത് വാങ്ങിയ ഫൈബർ വള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഇരു കരകളിലുമായി കെട്ടിയ വടത്തിൽ വള്ളം ബന്ധിപ്പിച്ച് അതിലൂടെ വലിച്ചാണ് കരതേടുന്ന യാത്ര. 15 വർഷം പഴക്കമുള്ള ഈ ഫൈബർ ബോട്ടാകട്ടെ അപകടാവസ്ഥയിലുമാണ്. നിത്യോപയോഗ സാധനങ്ങൾ എത്തിക്കാനും രോഗികളെ മറുകരയിലെത്തിക്കാനും എല്ലാം ആശ്രയം ഈ വള്ളം തന്നെ. 150 കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. പുഴക്ക് കുറുകെ നടപ്പാലത്തിനായി നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. ഓരോ തെരഞ്ഞെടുപ്പ് കാലത്തും പാലം വാഗ്ദാനങ്ങളിൽ മാത്രം ഉയരും. വോട്ട് പെട്ടിയിലെത്തിക്കഴിഞ്ഞാൽ പറഞ്ഞ വാക്കും മറക്കും. പഞ്ചായത്ത് ഏർപ്പാട് ചെയ്ത കടത്തുകാരന്റെ സഹായം വൈകിട്ടു വരെ മാത്രമേ ലഭിക്കൂ. അതു കഴിഞ്ഞാൽ സ്വയം ഉപയോഗിക്കണം. കാലവർഷം കനക്കുകയും പുഴയിൽ ഒഴുക്ക് ശക്തമാവുകയും ചെയ്യുമ്പോഴാണ് ആശങ്കയേറുന്നത്. പുത്തനുടുപ്പും പുസ്തകങ്ങളുമായി പള്ളിക്കൂടങ്ങളിലേക്ക് പോകുന്ന കുഞ്ഞുങ്ങൾ ഓരോ തവണയും നെഞ്ചിടിപ്പോടെ തോണിയേറുന്നു. പ്രാർഥനകളോടെ കരതൊടുന്നു. ഇക്കുറിയും ഈ കാഴ്ചക്ക് മാറ്റമില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.