കാട്ടാന ഭീതി ഒഴിയാതെ ചിന്നക്കനാൽ
text_fieldsഅടിമാലി: നാടിനെ വിറപ്പിച്ച് വിലസിയ അരിക്കൊമ്പനെ നാടുകടത്തിയെങ്കിലും ചിന്നക്കനാൽ പഞ്ചായത്തിൽ കാട്ടാന ശല്യം ഒഴിയുന്നില്ല. ഞായറാഴ്ച രണ്ട് ആദിവാസികൾ ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് കാണാതായ സംഭവത്തിലും കാട്ടാനകളാണ് വില്ലന്മാരായത്. 301 കോളനിവാസികളായ ഗോപി, സജീവൻ എന്നിവരെയാണ് കാണാതായത്. പൂപ്പാറയിൽ പോയി മടങ്ങിവരവെ തങ്ങളുടെ കോളനിക്ക് സമീപം ജലാശയത്തിനരികിൽ കാട്ടാനകളെ കാണുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. മറുവശത്തേക്ക് വള്ളം അടുപ്പിക്കാമെന്ന് കരുതിയെങ്കിലും അവിടെ ഒറ്റയാന്റെ സാന്നിധ്യം ശ്രദ്ധയിൽപെട്ടു. വള്ളം തിരിക്കുന്നതിനിടെ കാറ്റിൽ നിയന്ത്രണം വിട്ടുമറിയുകയും ഇരുവരെയും കാണാതാകുകയുമായിരുന്നു.
2005ൽ എ.കെ. ആന്റണി മന്ത്രിസഭയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആദിവാസികളെ ചിന്നക്കനാൽ സിങ്കുകണ്ടത്ത് 301 കോളനി സ്ഥാപിച്ച് കുടിയിരുത്തിയത്. അതിനുശേഷം അഞ്ചു വർഷത്തിനിടെ 20ലേറെ പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതോടെ ഭൂരിഭാഗം ആദിവാസികളും 301കോളനി വിട്ട് പലായനം ചെയ്തു. പിടിച്ചുനിന്നവരിൽ പലരെയും പല സമയങ്ങളിലായി കാട്ടാനകൾ കൊലപ്പെടുത്തി. അരിക്കൊമ്പൻ ഇവിടം താവളമാക്കി വിലസിയതോടെ വലിയ പ്രതിഷേധം ഉയരുകയും ഒടുവിൽ കൊമ്പനെ പിടികൂടി നാടുകടത്തുകയും ചെയ്തു. എന്നാൽ, ചക്കക്കൊമ്പനടക്കമുള്ള കാട്ടാനകൾ ഇവിടെ ഭീഷണി തുടരുന്നുണ്ട്. കാട്ടാനകൾ കൂട്ടത്തോടെ എത്തുന്നത് ആനയിറങ്കൽ ഡാമിൽനിന്ന് വെള്ളം കുടിക്കാനും തീറ്റതേടിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.