ചൊക്രമുടി; ഒറ്റമരത്ത് മല പിളർന്ന് നിർമാണം, ദുരന്ത ഭീതിയിൽ ജനം
text_fieldsഅടിമാലി: അനധികൃത നിർമാണത്തിലൂടെ വിവാദ ഭൂമിയായ ചൊക്രമുടിയിൽ മല തകർത്ത് വൻ നിർമാണം തകൃതി.
മൂന്നാറിന് സമീപം ഒറ്റമരം മുതൽ ബൈസൺവാലിയുടെ മുകൾഭാഗം, ഗ്യാപ് ദേവികുളം ഭാഗം എന്നിവക്ക് മുകളിൽ സ്ഥിതിചെയ്യുന്ന മലനിരകളിലാണ് വൻ നിർമാണം.
ചൊക്രമുടി മലനിരകൾ എന്നറിയപ്പെടുന്നിടമാണ് ഇവിടം. ഇതിൽ ഗ്യാപ് റോഡിന്റെ താഴ്ഭാഗത്ത് നടത്തിയ അനധികൃത നിർമാണങ്ങളാണ് നേരത്തേ വിവാദമായത്. ഇവിടെ മല കീറി റോഡ് നിർമിക്കുകയും തടയണ നിർമിക്കുകയും അനധികൃത പാറഖനനം നടത്തുകയും മരങ്ങൾ വെട്ടിക്കടത്തുകയും ചെയ്തിരുന്നു. ഇത് പുറത്തുവന്നതോടെയാണ് അന്വേഷണം പ്രഖ്യാപിക്കുകയും ഭൂമിയുടെ പട്ടയം തന്നെ റദ്ദാക്കാനുള്ള നടപടികൾ റവന്യൂ വകുപ്പ് സ്വീകരിച്ചു വരുകയും ചെയ്യുന്നത്.
ഇതിന് പിന്നാലെയാണ് ചൊക്രമുടി മലയുടെ ആരംഭ ഭാഗമായ മറുവശത്ത് ഒറ്റമരത്ത് മല കീറി റോഡ് നിർമിക്കുകയും ജലാശയങ്ങളുടെ ഗതിമാറ്റി വിടുകയും അനധികൃത പാറ ഖനനം നടത്തുകയും ചെയ്ത് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നത്.
ഒറ്റമരം ജങ്ഷന് താഴെ ഉപ്പളക്ക് പോകുന്ന റോഡിന് സമീപത്താണ് അനധികൃത നിർമാണം നടക്കുന്നത്. റെഡ്സോൺ കാറ്റഗറിയിൽപെട്ട ഇവിടെ ലൈഫ് പദ്ധതിയിൽപെടുത്തി വീടു നിർമാണംപോലും അനുവദിക്കുന്നില്ലെന്നിരിക്കെയാണ് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വൻ നിർമാണങ്ങൾ നടക്കുന്നത്. മുമ്പ് ദേവികുളം സബ് കലക്ടർ സ്റ്റോപ് മെമ്മോ നൽകിയ പോതമേട്ടിലെ ഏലം കുത്തകപ്പാട്ട ഭൂമിയിലും അനധികൃത നിർമാണവും പാറപൊട്ടിക്കലും നടക്കുന്നുണ്ട്.
ബൈസൺവാലി, പള്ളിവാസൽ വില്ലേജ് പരിധികളിലാണ് ഈ നിർമാണങ്ങൾ. റവന്യൂ അധികൃതരുടെ അറിവോടെ നടക്കുന്ന ഇത്തരം പ്രവൃത്തിക്ക് ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ ഒത്താശയുമുണ്ട്.
അധികൃതർ ശ്രദ്ധിച്ചില്ലെങ്കിൽ മൂന്നാർ പെട്ടിമുടി ദുരന്തംപോലെ അവിടെയും സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.