ചിലന്തിയാറിൽ ശുദ്ധജല വിതരണ പദ്ധതി: വിവാദം കൊഴുക്കുന്നു
text_fieldsഅടിമാലി: വട്ടവട ചിലന്തിയാറിൽ ശുദ്ധജല വിതരണത്തിനായി തടയണ നിർമിക്കുന്നതിനെതിരെ തമിഴ്നാട് അണ്ണാ ഡി.എം.കെ നേതാവായ എടപ്പാടി കെ. പളനി സ്വാമിയുടെ നേതൃത്വത്തിൽ നടത്തുന്ന വിവാദം അനാവശ്യമെന്ന് നാട്ടുകാർ. ചിലന്തിയാർ വെള്ളച്ചാട്ടത്തിൽനിന്ന് ഒഴുകിപ്പോകുന്ന വെള്ളം മറ്റൊരു സ്ഥലത്ത് സ്ഥാപിക്കുന്ന സംഭരണിയിലേക്ക് പമ്പുചെയ്യാൻ പുഴയിൽ തടഞ്ഞുനിർത്താനുള്ള ചെറിയ തടയണയാണ് നിർമിക്കുന്നത്. 1.80 മീറ്റർ ഉയരവും 40 മീറ്റർ നീളവുമാണ് തടയണയുടെ വലുപ്പം. വട്ടവട പഞ്ചായത്തിലെ അയ്യായിരത്തോളം കുടുംബങ്ങൾക്കുള്ള ശുദ്ധജലം, കൃഷിക്കാവശ്യമുള്ള വെള്ളം എന്നിവ വിതരണം ചെയ്യാനാണ് ചെറിയ തടയണ നിർമിക്കുന്നത്.
തടയണയിൽനിന്ന് പമ്പുചെയ്ത ശേഷമുള്ള വെള്ളം പൂർണമായി അമരാവതി ഡാമിലേക്ക് ഒഴുകിപ്പോകുന്നതിനാൽ തമിഴ്നാടിന് പഴയപടി വെള്ളം ലഭിക്കും. പാമ്പാടുംഷോല വനത്തിൽനിന്ന് ഒഴുകിയെത്തി ചിലന്തിയാർ വെള്ളച്ചാട്ടം വഴി ഒഴുകിപ്പോകുന്ന വെള്ളമാണ് തടഞ്ഞുനിർത്തി സംഭരണിയിലേക്ക് പമ്പു ചെയ്ത് കയറ്റുന്നത്. ബാക്കി വെള്ളം പതിവുപോലെ ഒഴുകി ചെമ്പകക്കാട് കുടി വഴി മറയൂരിന് സമീപമുള്ള പാമ്പാറിലെത്തിയാണ് അമരാവതി ഡാമിലെത്തുന്നത്. തമിഴ്നാട്, കേരള മുഖ്യമന്ത്രിമാർ തമ്മിലുള്ള ബന്ധമാണ് നിലവിലുണ്ടായ വിവാദത്തിനു പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. അണ്ണാ ഡി.എം.കെ ഉൾപ്പെടെയുള്ള നേതാക്കൾ, ചിലന്തിയാറിൽ അണക്കെട്ട് നിർമിച്ച് വെള്ളം മുഴുവൻ എടുക്കുന്നുവെന്ന തരത്തിലാണ് വ്യാജ പ്രചാരണം നടത്തുന്നത്. ഇപ്പോൾ ഉയർന്നുവരുന്നത് അനാവശ്യ വിവാദമാണെന്നും പറഞ്ഞു.
സംസ്ഥാന സർക്കാറോ, തമിഴ്നാട് സർക്കാറോ തടയണ നിർമാണത്തിനെതിരെ പരാമർശങ്ങൾ നടത്തിയിട്ടില്ലാത്തതിനാൽ തടയണ നിർമാണത്തിന് എല്ലാ സംരക്ഷണവും നൽകുമെന്നും നേതാക്കൾ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. മനോഹരൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി എസ്. സെന്തിൽകുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി പി. കുമാരസ്വാമി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജി.ആർ. സേതുരാമൻ, ബി.ജെ.പി നേതാക്കളായ പാണ്ഡ്യൻ, രാമർ, മുൻ പഞ്ചായത്ത് പ്രസിഡൻറ് പി. രാമരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച ചിലന്തിയാറിൽ സന്ദർശനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.