അടിമാലി സർക്കാർ സ്കൂളിലെ ഓപൺ ഓഡിറ്റോറിയം നിർമാണം നിലച്ചു
text_fieldsഅടിമാലി: അടിമാലി ഗവ. ഹൈസ്കൂളിൽ മുൻ ജില്ല പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് പ്രഖ്യാപിച്ച് നിർമാണം തുടങ്ങിയ ഓപൺ ഓഡിറ്റോറിയം പൂർത്തിയായില്ല.
പദ്ധതിക്ക് അനുവദിച്ച തുകയിൽ പകുതിയോളം രൂപ ഉപയോഗിക്കാൻ കഴിയാതെ പാഴായി. 2018-19 സാമ്പത്തിക വർഷത്തിലാണ് നിർമാണം ആരംഭിച്ചത്. 25 ലക്ഷം രൂപയായിരുന്നു പദ്ധതി തുക.
ഇതിനായി അന്ന് അവിടെ ഉണ്ടായിരുന്ന ഓപൺ സ്റ്റേജ് പൊളിച്ചുമാറ്റി. 30 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും ഓപൺ സ്റ്റേജും ഓഡിറ്റോറിയവും നിർമിക്കാനായിരുന്നു പദ്ധതി.
ഇതിനായി കോൺക്രീറ്റ് തൂണുകൾ നിർമിച്ചു. തുടർനിർമാണം ഉണ്ടായില്ല. ഇതാണ് മൂന്നുവർഷമായി നശിച്ച് കിടക്കുന്നത്. പദ്ധതി തുകയുടെ 80 ശതമാനവും അന്ന് മാറിയെടുത്തതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
പ്രദേശം ഇപ്പോൾ കാടുപിടിച്ച് ഉപയോഗയോഗ്യമല്ലാതായി. അടിമാലി മേഖലയിലെ സർക്കാർ സ്കൂളിന് ഇത്തരം ഒരു ഓപൺ സ്റ്റേഡിയം ഇല്ല. ഉപജില്ല കലോത്സവങ്ങൾ പോലുള്ള പ്രധാന പരിപാടികൾ ഈ സ്കൂളിലാണ് നടക്കുന്നത്. ഇത് പൂർത്തിയായിരുന്നെങ്കിൽ ഇതിനെല്ലാം ഗുണമാകുമായിരുന്നു.
നേരത്തേ ഉണ്ടായിരുന്ന ഓപൺ സ്റ്റേജിലായിരുന്നു ഇത്തരം പൊതുപരിപാടികൾ നടന്നിരുന്നത്. ഇനി ആഗ്ലയർകൊണ്ട് മേൽകൂര നിർമിച്ച് ഷീറ്റ് വിരിച്ചാൽ ഇത് ഉപയോഗിക്കാനാവും. എന്നാൽ, ഇത് പൂർത്തിയാക്കാൻ സ്കൂൾ ഭരണസമിതിക്ക് താൽപര്യം ഇല്ല. ഈ സർക്കാർ സ്കൂളിന് മറ്റൊരു സ്റ്റേജ് സംവിധാനം ഇല്ലാത്തതിനാൽ പൊതുപരിപാടികൾ മഴയും വെയിലുമേറ്റ് നടത്തേണ്ട അവസ്ഥയാണ്.
ഈ പദ്ധതിയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ചും നിലച്ച നിർമാണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാജൻ അധികൃതർക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.