പണംവാങ്ങി കരാറുകാരൻ മുങ്ങി; പെരുവഴിയിൽ ആദിവാസികൾ
text_fieldsഅടിമാലി: നിർമാണത്തിന് കാരാറെടുത്ത വ്യക്തി പണംവാങ്ങി മുങ്ങിയതോടെ ആദിവാസികൾ ദുരിതത്തിൽ. അടിമാലി പഞ്ചായത്തിലെ ഒന്നാംവാർഡിൽപ്പെട്ട കുറത്തികുടിയിലാണ് സംഭവം. ഭവനപദ്ധതിയിൽ ഉൽപ്പെടുത്തി 70 കുടുംബങ്ങൾക്കാണ് 2018, 2019 സാമ്പത്തികവർഷം തുക അനുവദിച്ചത്. കരാറുകാരെൻറ നിർദേശത്തെ തുടർന്ന് താമസിച്ചിരുന്ന ഷെഡുകൾ
പൊളിച്ച് കെട്ടിടം പണിയുന്നതിന് ആദിവാസികൾ തയാറായി. ഭൂരിഭാഗം വീടുകൾ തറയും ഭിത്തിയും നിർമിച്ചു.
രണ്ട് വീടുകളുടെ മേൽക്കൂര ഭാഗികമായി കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. ഇതിനിടയിൽ മൂന്ന് തവണകളിലായി ഭൂരിഭാഗം തുകയും കരാർ എടുത്തയാൾ വാങ്ങി. ആദിവാസികളെ നേരിട്ടെത്തിച്ചാണ് കരാറുകാരൻ പണംവാങ്ങിയത്. ഇതിന് ൈട്രബൽ, പഞ്ചായത്ത് ജീവനക്കാരുടെ ഒത്താശയും ഉണ്ടായിരുന്നതായി ആദിവാസികൾ പറയുന്നു.
നിർമാണജോലി കാണുന്നതിന് തുടക്കത്തിൽ വാർഡ് മെംബറും ഇവിടെ എത്തിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ വിഷമത വാർഡ് മെംബറെ അറിയിച്ചിട്ടും അവഗണിക്കുന്നതായാണ് പരാതി. അതിനിടെ കെട്ടിടം പണിയുകയോ അല്ലെങ്കിൽ വാങ്ങിയ പണം തിരിച്ചടക്കുകയോ ചെയ്തില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഭീഷണികൂടി വന്നതോടെ ഭയന്നിരിക്കുകയാണിവർ. ഉള്ള വീടുകൾ പൊളിച്ചതോടെ പ്ലാസ്റ്റിക് ഷെഡുകളിലാണ് ആദിവാസികൾ താമസിക്കുന്നത്.
അടിമാലി പഞ്ചായത്തിലെ ഏറ്റവും അവികസിത മേഖലയിൽ പെടുന്നതാണ് കുറത്തികുടി. 360 കുടുംബങ്ങൾ ഈ ആദിവാസി സങ്കേതത്തിൽ താമസിക്കുന്നുണ്ട്. വഴിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാതെ കഴിയുന്നവരാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.