ദേശീയപാതയിലെ നിയന്ത്രണം: വനംവകുപ്പിന്റേത് കുപ്രചാരണമെന്ന് വിമർശനം
text_fieldsഅടിമാലി: ദേശീയപാതയില്‍ വാഹന നിയന്ത്രണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റേത് കുപ്രചാരണമെന്ന് വിമർശനം. ദേശീയപാതയില്‍ വന്യജീവികള്‍ കൂടുതൽ എത്തുന്ന ഭാഗമായതിനാലാണ് യാത്രാനിയന്ത്രണം എന്ന വിധത്തിലാണ് വനംവകുപ്പിന്റെ പ്രചാരണം.
എന്നാൽ, വല്ലപ്പോഴുമെത്തുന്ന കാട്ടാനകള്‍ ഈ ഭാഗങ്ങളില്‍ മനുഷ്യനോ വാഹനങ്ങള്‍ക്കോ ഇതുവരെ ശല്യം ഉണ്ടാക്കിയിട്ടില്ലെന്നതാണ് യാഥാർഥ്യം. തിരിച്ചും ഇത് തന്നെയാണ് സ്ഥിതി. എന്നാല്‍, ഇവിടമാകെ വന്യജീവികളെക്കൊണ്ട് നിറഞ്ഞുവെന്ന തരത്തിലാണ് പ്രചാരണം.
നിലവിൽ വനംവകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണം സർക്കാർ നിലപാടിന് വിരുദ്ധമാണെന്നും പറയപ്പെടുന്നു. രാജഭരണകാലത്ത് നിലവില്‍ വന്നതാണ് ഇപ്പോഴത്തെ ആലുവ-മൂന്നാര്‍ റോഡ്. 1935ൽ നേര്യമംഗലം പാലം വരുന്നതിന് മുന്നോടിയായി ഈ പാതക്ക് 60 അടിയിലധികം സ്ഥലംവിട്ട് നല്‍കിയിട്ടുമുണ്ട്. 1989ല്‍ ദേശീയപാതയായി ഉയര്‍ത്തിയതോടെ വികസനവും എത്തി. എന്നാല്‍, നേര്യമംഗലം മുതല്‍ വാളറ വരെ വികസനത്തിന് വനംവകുപ്പ് പല തടസ്സവാദങ്ങളും ഉന്നയിച്ചു. നിരവധി സമരത്തിനും പ്രക്ഷോഭങ്ങള്‍ക്കും ഇത് കാരണമായിരുന്നു. മന്ത്രിതലത്തില്‍ ഉണ്ടായ ധാരണപ്രകാരം പ്രശ്നം പരിഹരിച്ചെങ്കിലും വീണ്ടും കരിനിയമങ്ങള്‍ അടിച്ചേല്പിക്കുന്നതിന്റെ ഭാഗമാണ് വനംവകുപ്പിന്റെ ഇപ്പോഴത്തെ നടപടി.ടാറിങ് റോഡിന് മാത്രമാണ് ദേശീയപാതക്ക് അനുമതിയുള്ളൂവെന്നും ബാക്കി ഭൂമി തങ്ങളുടേത് മാത്രമാണെന്നുമാണ് വനംവകുപ്പിന്റെ പുതിയ വാദം. ആലുവ-മൂന്നാര്‍ റോഡിൽ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെ ഭാവിയിൽ നാലുവരിയായി ഉയര്‍ത്തുന്നത് തടയുക എന്ന ലക്ഷ്യവും വനംവകുപ്പിന്റെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലുള്ളതായി ആരോപണമുണ്ട്.
വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള പ്രധാന പാതയാണിത്. മാമലക്കണ്ടം, പഴംബ്ലിച്ചാല്‍, കമ്പിലൈന്‍ മേഖലയിലുള്ളവര്‍ ആറാം മൈൽ വഴിയാണ് പുറം നാടുകളിലെത്തുന്നത്. ഇവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും വനംവകുപ്പിന്റെ നിലപാട് തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.