മഴയിൽ ഉൽപാദനം കുറഞ്ഞു; കർഷകർക്ക് കണ്ണീരോണം
text_fieldsഅടിമാലി: ഓണമെത്തിയിട്ടും മലയോര കർഷകർക്ക് ദുരിതംതന്നെ. തുടർച്ചയായി പെയ്യുന്ന കനത്ത മഴയാണ് കർഷകർക്കു വിനയാകുന്നത്. പച്ചക്കറി ഉൾപ്പെടെയുള്ള വിളകളെല്ലാം പലയിടത്തും മഴയിൽ നശിച്ചു. മലയോര കർഷകരുടെ ആശ്രയമായ റബർ ടാപ്പിങ് നിലച്ചിട്ട് മാസങ്ങളായി. ഇക്കുറി സീസൺ ആരംഭിക്കുന്നതിനു മുമ്പുതന്നെ ഭേദപ്പെട്ട വിലയും റബറിനുണ്ട്.
എന്നാൽ, മഴയായതിനാൽ പലയിടത്തും ടാപ്പിങ് തുടങ്ങാനായിട്ടില്ല. മുൻ വർഷങ്ങളിൽ ഓണത്തിനുമുമ്പ് പത്തിലേറെ ടാപ്പിങ് ദിനങ്ങൾ ലഭിച്ചിരുന്നെങ്കിൽ, ഇക്കുറി മഴ നീണ്ടതിനാൽ പലർക്കും ടാപ്പിങ് ആരംഭിക്കാനായിട്ടില്ല. ചുരുക്കം ചില തോട്ടങ്ങളിൽ മാത്രമാണ് പ്ലാസ്റ്റിക് ഷേഡുകളിട്ട് ടാപ്പിങ് നടത്തുന്നത്. എന്നാൽ, ശക്തമായ മഴ ഇവരെയും പ്രതിസന്ധിയിലാക്കി. ഇതോടെ ഈ മേഖലയെ ആശ്രയിക്കുന്ന മിക്ക തൊഴിലാളികൾക്കും പണിയില്ലാതായി. കുരുമുളക്, ഏലം കർഷകർക്കും ദുരിതകാലം തന്നെ. നല്ല ഉൽപാദനമുള്ള ഏലങ്ങളിൽ അഴുകൽ രോഗം പടർന്നു പിടിക്കുന്നു.
കുരുമുളക് കൃഷിയിലും സമാന പ്രതിസന്ധിയാണ്. തിരിയിട്ട ചെടികളിൽനിന്ന് വ്യാപകമായി കൊഴിഞ്ഞുവീഴുന്നത് വലിയ നഷ്ടം ഉണ്ടാക്കുന്നതായി കർഷകർ പറയുന്നു. തെങ്ങുകളിൽ പലതും ശക്തമായ മഴയെത്തുടർന്നു കാറ്റുവീഴ്ചയും കൂമ്പുചീയലും ബാധിച്ചു നശിച്ചു. കമുകുകളിൽ മാഹാളിയും മഞ്ഞളിപ്പും പടരുന്നു. അടക്ക ഉൽപാദനത്തെയും ഇത് ബാധിക്കുന്നു. മഴ ശമിക്കാത്തതിനാൽ പെറുക്കിയെടുത്ത അടക്കകൾ ഉണക്കിയെടുക്കാനും കഴിയുന്നില്ല. ജാതി കർഷകരും കൊക്കോ കർഷകരും സമാന വെല്ലുവിളി നേരിടുന്നു. വെയിൽ തെളിഞ്ഞാൽ മാത്രമേ മലയോര കർഷക മനസ്സുകളിൽ പ്രതീക്ഷയുടെ ഓണക്കാലവുമെത്തൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.