അപകടം ഒളിപ്പിച്ച് അപ്സരക്കുന്ന് റോഡ്
text_fieldsഅടിമാലി: ടൗണിൽനിന്ന് ആരംഭിക്കുന്ന അപ്സരക്കുന്ന്-തലമാലി റോഡിൽ വാഹനാപകടങ്ങൾ ആവര്‍ത്തിക്കുന്നു. ഒരാഴ്ചക്കിടയില്‍ മൂന്ന് വാഹനാപകടമാണ് ഇവിടെ സംഭവിച്ചത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെയെത്തുന്ന ആളുകൾ അടിമാലി ടൗണിൽനിന്ന് മാങ്കുളത്തേക്കും മൂന്നാറിലേക്കുമൊക്കെ എളുപ്പത്തിൽ എത്താൻ കഴിയുന്ന പാതയെന്ന നിലയിലാണ് അപ്സരക്കുന്ന് വഴിയുള്ള പാത ഉപയോഗിക്കുന്നത്.
ടൗണിൽ സെന്‍ട്രൽ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന പാത ഏറെ അപകട സാധ്യത നിറഞ്ഞതാണ്. കുത്തനെയുള്ള കയറ്റവും വീതി കുറഞ്ഞ കൊടുംവളവുകളുമാണ് അപകടസാധ്യത ഉയര്‍ത്തുന്നത്. ആദ്യമായി എത്തുന്നവർക്ക് റോഡിന്റെ ഗതിയും അപകടസാധ്യതയും പെട്ടെന്ന് തിരിച്ചറിയാൻ കഴിയുകയില്ല. അടിമാലിയിൽനിന്ന് മൂന്നാർ, മാങ്കുളം മേഖലകളിലേക്ക് പോകാൻ ഗൂഗിൾ മാപ്പിൽ അപകട സാധ്യതയുള്ള ഈ റോഡ് തെളിയുന്നതും പ്രതിസന്ധിയാകുന്നുവെന്ന പരാതിയുണ്ട്. കയറ്റം കയറുമ്പോൾ മാത്രമേ അപകടസാധ്യത തിരിച്ചറിയൂ. ഇതോടെ ചിലർ തിരികെ ഇറങ്ങാറുമുണ്ട്.
കല്ലാർ, മാങ്കുളം തുടങ്ങിയ ഭാഗങ്ങളിൽനിന്ന് വഴിപരിചയമില്ലാത്ത വിനോദസഞ്ചാരികളുടെ വാഹനങ്ങളും കുത്തനെ ഇറക്കമിറങ്ങി എത്താറുണ്ട്.അടിമാലി ടൗൺ ഭാഗത്തും തലമാലി ഭാഗത്തും മുന്നറിയിപ്പ് ബോര്‍ഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈ റോഡിൽ തലമാലി വെള്ളച്ചാട്ടത്തിന് സമീപത്തെ കൊടുംവളവ് ശോച്യാവസ്ഥയിൽ തുടരുകയാണ്. വീതി കുറവും കൊടുംവളവിനുമൊപ്പം വലിയ കുഴിയാണ് യാത്ര ദുഷ്കരമാക്കുന്നത്. കയറ്റവും വളവും കുറച്ച് വീതി വര്‍ധിപ്പിക്കുകയും അപകട സാധ്യത കുറക്കാൻ സുരക്ഷഭിത്തി നിർമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പാതയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും മുമ്പ് വീതി വര്‍ധിപ്പിച്ച് പണികൾ നടത്തിയിട്ടുണ്ട്. ഇതോടെയാണ് ഇതുവഴി യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.