അരുണാചലിെൻറ പുത്രൻ; ഡോ. നാനക്കിനെ ഓർത്ത് തേങ്ങി പാറത്തോട്
text_fieldsഅടിമാലി: ജനകീയ ഡോക്ടർ നാനക് മൂർത്തത്തിെൻറ വേർപാടിൽ മനമുരുകി പാറത്തോട് ഗ്രാമം. അവസാനമായി ഒരുനോക്ക് കാണാൻപോലും സമയം നൽകാതെയാണ് ഡോ. നാനാക് അരുണാചൽപ്രദേശിലെ തെൻറ നാട്ടിൽനിന്ന് തിരിച്ചുവരാത്ത ലോകത്തേക്ക് യാത്രയായത്. സമൂഹമാധ്യമങ്ങളിൽ ഡോക്ടറുടെ വേർപാട് തീരാനഷ്ടത്തിെൻറ കഥകളാണ് പങ്കുവെക്കുന്നത്. അഞ്ചുവർഷം മുമ്പാണ് ഡോ. നാനക് കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട് എത്തി കിടത്തിച്ചികിത്സ കേന്ദ്രമില്ലാതിരുന്ന ഇവിടെ വാടകക്കെടുത്ത കെട്ടിടത്തിൽ ഇൻപേഷ്യൻറ് വിഭാഗത്തോടെ ആശുപത്രി തുടങ്ങുകയായിരുന്നു. പഞ്ചായത്തിൽ കിടത്തിച്ചികിത്സയുള്ള ഏക ആശുപത്രി ഇതായിരുന്നു.
അരുണാചൽപ്രദേശിൽനിന്ന് കേരളത്തിൽ എത്തി എം.ബി.ബി.എസ് പഠിച്ച്, ഇടുക്കിയിലെ പാറത്തോട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായി ജീവിക്കുകയായിരുന്നു അദ്ദേഹം. സാധാരണ മലയാളിയെപ്പോലെ മലയാളം വഴങ്ങുന്ന അരുണാചൽപ്രദേശുകാരൻ. കുടുംബവും കുട്ടികളുമായി തനി നാട്ടുകാരനായി ആയിരുന്നു ജീവിതം. നാലു മാസം മുമ്പാണ് അർബുദം ബാധിക്കുന്നത്. തുടർന്ന് നാട്ടിലേക്ക് പോകുകയായിരുന്നു. ചുരുങ്ങിയ കാലയളവിലെ ജീവിതം അവസാനിച്ചു നക്ഷത്രങ്ങളുടെ ലോകത്തേക്ക് യാത്രയായ ഡോ. നാനാക് കണ്ണുനിറക്കുന്ന ഓർമയാണെന്ന് പാറത്തോട് നിവാസികൾ പറയുന്നു.
പണിക്കൻകുടിക്കും പാറത്തോടിനും കമ്പിളികണ്ടത്തിനും വെറുമൊരു ഡോക്ടർ മാത്രമല്ലായിരുന്നു അദ്ദേഹം. ഒാരോ കുടുംബത്തിലെയും അംഗമായിരുന്നു. ചെറുപുഞ്ചിരിയുള്ള മുഖത്തോടെയല്ലാതെ ആരും കണ്ടിട്ടില്ല. നാട്ടുകാരുടെയെല്ലാം വാട്സ്ആപ് സ്റ്റാറ്റസുകളിൽ ആദരാഞ്ജലികൾ നിറഞ്ഞ് നിൽക്കുകയാണിപ്പോൾ. ഏത് അത്യാഹിതത്തിലും പ്രതീക്ഷയായിരുന്നു 'സുബാൻസിരി' എന്ന ആശുപത്രി.
വെറുമൊരു ചെറിയ കെട്ടിടത്തെ സന്ദർഭത്തിന് അനുസരിച്ച് ഓപറേഷൻ തിയറ്റർ മുതൽ ഐ.സി.യുവരെ ആക്കിമാറ്റാൻ കഴിവുണ്ടായിരുന്ന ഡോക്ടറായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.