ഹൈറേഞ്ചില്‍നിന്ന് കമുക് കൃഷി പടിയിറങ്ങുന്നു
text_fieldsഅടിമാലി: ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകരുടെ മുഖ്യ വരുമാനമായിരുന്ന കമുക് കൃഷി പടിയിറങ്ങുന്നു. തോട്ടവിളയില്നിന്ന് ഇടവിളയിലേക്കും പിന്നീട് അന്യംനിന്നുപോകുന്ന കൃഷിയിലേക്കും കമുക് വഴിമാറി.
ഇപ്പോള്‍ തോട്ടവിള കൃഷി മറയൂര്‍ മേഖലയില്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതാണെങ്കില്‍ 10 വര്‍ഷംമുമ്പ് ഉണ്ടായിരുന്നതിെൻറ 80 ശതമാനം മാത്രമാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഉൽപാദനം നടന്നിരുന്ന മാങ്കുളം പഞ്ചായത്തില്‍പോലും ഈ കൃഷി നാമവശേഷമായി.
ജില്ല കൃഷി വകുപ്പിെൻറ കണക്ക് പ്രകാരം 733 ഹെക്ടര്‍ സ്ഥലത്താണ് കമുക് കൃഷിയുള്ളത്. ഇതില്‍ കൂടുതലും അടിമാലി, ദേവികുളം ബ്ലോക്ക് പരിധിയിലാണ്. കുടിയേറ്റകാലത്ത് ചെലവ് കുറഞ്ഞ കൃഷി എന്ന ഗണത്തില്‍ വന്നിരുന്ന കമുക് കൃഷി 50,000 ഹെക്ടറില്‍ അധികമായിരുന്നു.
രോഗബാധയാണ് ഈ മേഖലയെ പാടേ തകര്‍ത്തത്. കമുകിന് എന്ത് രോഗം വന്നാലും ഒറ്റമൂലി പ്രയോഗമായ തുരിശും ചുണ്ണാമ്പും അടങ്ങിയ ബോഡോമിശ്രിത ചികിത്സ മാത്രമാണ് കര്‍ഷകര്‍ക്ക് വശമുള്ളത്.
ഉൽപാദനം കൂടുതല്‍ നടക്കുന്ന കാലവര്‍ഷത്തില്‍ കായ് നശിക്കാതിരിക്കാനാണ് പ്രധാനമായി തുരിശും ചുണ്ണാമ്പും അടങ്ങിയ ബോഡോമിശ്രിതം അടിക്കാറ്. ഈ മരുന്നിനും കമുകിനെ നിലനിര്‍ത്താന്‍ കഴിയുന്നില്ല. കൂടാതെ വേരിന് പൂപ്പല്‍ ബാധിച്ചും കമുക് നശിക്കുന്നു. മഞ്ഞളിപ്പും ഇല പഴുത്ത് തലഭാഗം ഉണങ്ങിയും മരം ഉൾപ്പെടെ നശിക്കുന്നതും വ്യാപകമാണ്.
ഇതിന് ഫലപ്രദമായ ഒരു മരുന്ന് ആരും നിർദേശിക്കുകയോ കണ്ടെത്തി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇത് കൃഷിഭവന് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്.
മറയൂര്‍, മാങ്കുളം പഞ്ചായത്തുകളിലാണ് ഇപ്പോള്‍ കമുക് കൃഷിയുള്ളത്. മറ്റിടങ്ങളില്‍ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും കമുക് കൃഷി. ഒരുകിലോ കൊട്ടടക്കക്ക് 310 രൂപ വരെ വിലയുണ്ട്.
ചെമ്പന്‍ അടക്ക 130 രൂപക്ക് വരെ വില്‍ക്കുന്നു. ഉയര്‍ന്ന വിലയുണ്ടെങ്കിലും അടക്ക കിട്ടാത്ത സാഹചര്യമാണുള്ളത്. അടക്ക ഉൽപാദനത്തില് മൂന്നാംസ്ഥാനത്തായിരുന്നു ഇടുക്കി. ഒന്നാമതുള്ള കാസർകോടും പാലക്കാടും ഇപ്പോഴും തോട്ടവിളയായി തന്നെ കമുക് കൃഷിയുണ്ട്.
മുന്തിയ ഇനം കമുകിൻതൈ നട്ടാല്‍ മൂന്നാംവര്‍ഷം മുതല്‍ വിളവ് ലഭിക്കും. കാര്യമായ വളമോ മറ്റ് ചെലവോ ഇല്ലാത്തതാണ് ഈ കൃഷിയുടെ പ്രധാന ആകര്‍ഷണം. രണ്ടുവര്‍ഷത്തെ പരിചരണം മാത്രം മതി. വളക്കൂറ് കുറഞ്ഞ മണ്ണില്‍ ചാണകം മാത്രം ഇട്ടുള്ള വളപ്രയോഗമാണ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.