വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി തർക്കം മുളക് സ്പ്രേയിൽ കലാശിച്ചു; ആറുപേർക്ക് പരിക്ക്
text_fieldsഅടിമാലി: ദേശീയപാതയിൽ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി തർക്കം സംഘട്ടനത്തിലും മുളക് സ്പ്രേ ആക്രമണത്തിലും കലാശിച്ചു. കുട്ടിയടക്കം ഏഴുപേർക്ക് പരിക്ക്. പഴമ്പിള്ളിച്ചാൽ കല്ലുവെട്ടിക്കുഴി ഏലിക്കുട്ടി മാർക്കോസ് (67), മകൻ ഷാജി മാർക്കോസ് (50), ഷൈമോൻ ഷാജി (24), സിജിയ (19), സിജീഷ് ഷാജി (26), അൽഫിയാി (23), ഇവരുടെ മകൾ ഏഴുമാസം പ്രായമുള്ള ഇവാനിയ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ബൈസൺവാലി സ്വദേശിയായ പട്ടാളക്കാരനും സഹോദരനുമാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. നേര്യമംഗലം മൂന്നാം മൈലിലാണ് സംഭവം. നേര്യമംഗലം പാലത്തിനുസമീപം ബ്ലോക്ക് ആയിരുന്ന വാഹനങ്ങൾ ഒറ്റവരിയായി അടിമാലിക്ക് വരുകയായിരുന്നു.
ഇതിനിടെ, മൂന്നാം മൈലിൽ വാഹനങ്ങളെ മറികടന്ന് വരുന്നതിനിടെ സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി ഉണ്ടായ വാക്തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കുടുംബം സഞ്ചരിച്ച കാറിന് തടസ്സം സൃഷ്ടിച്ച് അസഭ്യം പറഞ്ഞ ഭടനും സഹോദരനും ഷാജി മാർക്കോസിനെ ആക്രമിച്ചു. ഉടൻ വാഹനത്തിൽ കരുതിയിരുന്ന മുളക് സ്പ്രേ എടുത്ത് കുടുംബത്തിനുനേരെ സ്പ്രേ ചെയ്യുകയായിരുന്നു. സ്പ്രേ ചെയ്തശേഷം കുടുംബത്തെ മർദിച്ചു.
ബൈസൺവാലി സ്വദേശിയും പട്ടാളക്കാരനുമായ കുന്നുംകുഴിയിൽ ശ്യാംകുമാർ, വാഹനത്തിന്‍റെ ഡ്രൈവറും ശ്യാമിന്‍റെ സഹോദരനുമായ സോബിറ്റ് എന്നിവരും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തങ്ങളെ അകാരണമായി ആക്രമിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.