വീട്ടിൽ മരിച്ചു കിടന്ന യജമാനന് കാവലാളായി നായ്
text_fieldsഅടിമാലി: വീടിനുള്ളിൽ മരിച്ചുകിടന്ന യജമാനന് കാവൽ നിന്ന ഉണ്ണിയെന്ന വളർത്തുനായ് പൊലീസിനെയും നാട്ടുകാരെയും തടഞ്ഞത് മണിക്കൂറുകൾ. അടിമാലി എസ്.എൻ പടിയിൽ ഒറ്റക്ക് താമസിക്കുന്ന റിട്ട. എ.എസ്.ഐ കൊന്നയ്ക്കൽ കെ.കെ. സോമന്‍റെ (67) മൃതദേഹത്തിനാണ് വളർത്തുനായ് കാവലാളായി നിന്നത്. മൃതദേഹത്തിന് ഒരുദിവസത്തെ പഴക്കമുണ്ട്. ശനിയാഴ്ച വൈകീട്ടാണ് മരിച്ചതെന്നാണ് നിഗമനം. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച വൈകീട്ട് മുതൽ മരുമകൻ ഉമേഷ് സോമന്‍റെ ഫോണിലേക്ക് വിളിച്ചിട്ട് എടുത്തില്ല. വളർത്തുനായ് നിർത്താതെ കുരക്കുന്നുണ്ടായിരുന്നു. വീടിന്‍റെ വാതിൽ തുറന്നാണ് കിടന്നിരുന്നത്.
ഞായറാഴ്ചയും ഫോൺ എടുക്കാതെ വന്നതോടെ ഉച്ചയോടെ ഉമേഷ് എസ്.എൻ പടിയിലെ വീട്ടിലെത്തി. നായ് ഉമേഷിനെ കൂട്ടി വീടിനുള്ളിൽ മരിച്ചുകിടന്ന സോമന്‍റെ അടുത്തെത്തി. ഉമേഷ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു.
കൂടുതൽ ആളുകൾ എത്തിയതോടെ വളർത്തുനായ് ഉമേഷിനെ ഉൾപ്പെടെ ആരെയും വീടിനുള്ളിൽ കയറ്റാതായി. മണിക്കൂറുകൾ പൊലീസും നാട്ടുകാരും ശ്രമിച്ചെങ്കിലും ഉണ്ണിയെ ശാന്തനാക്കാൻ കഴിഞ്ഞില്ല. ഫയർഫോഴ്സ് എത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. ഒടുവിൽ നാട്ടുകാരെയും പൊലീസിനെയും സംഭവ സ്ഥലത്തുനിന്നും മാറ്റി ഉമേഷ് തനിയെ വീട്ടിൽ എത്തിയപ്പോൾ വളർത്തുനായ് ശാന്തമായി. ഉമേഷ് വളർത്തുനായെ തന്ത്രത്തിൽ ഒരു മുറിയിൽ കൊണ്ടുപോയി പൂട്ടിയിട്ടു. പിന്നീട് അഞ്ച് മണിയോടെയാണ് മൃതദേഹം അവിടെനിന്ന് അടിമാലി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.