ലഹരി ഒഴുകുന്നു, ചൂതാട്ടക്കാർ വിലസുന്നു; കണ്ണടച്ച് അധികാരികൾ
text_fieldsഅടിമാലി: അടിമാലി പൊലീസ് സ്റ്റേഷന് കീഴില്‍ വിവിധ പ്രദേശങ്ങളില്‍ ചൂതാട്ടവും കഞ്ചാവു വില്പനയും പൊടിപൊടിക്കുന്നു. അടിമാലി പട്ടണം, ഇരുമ്പുപാലം, വാളറ, പഴമ്പിള്ളിച്ചാല്‍, കമ്പിലൈന്‍, കല്ലാര്‍കുട്ടി, ഇരുന്നൂറേക്കര്‍, കൂമ്പന്‍പാറ എന്നിവിടങ്ങളിലാണ് ചൂതാട്ട ലഹരിമാഫിയയുടെ പ്രവര്‍ത്തനം രൂക്ഷമായിരിക്കുന്നത്. പട്ടണത്തിലെ ചില ക്ലബ്ബുകളില്‍ രാത്രികാലങ്ങളില്‍ ബാറിനെ വെല്ലുന്ന സൗകര്യങ്ങളോടെയാണ് മദ്യം ഒഴുക്കുന്നത്. ചൂതാട്ടത്തിന് പേരുകേട്ട ക്ലബ്ബില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ധാരാളമായി എത്തുന്നുണ്ട്. ഉന്നതങ്ങളില്‍ ബന്ധമുളളവരായതിനാല് പൊലീസോ എക്സൈസോ ക്ലബ്ബുകളില്‍ നടക്കുന്ന ചൂതാട്ടത്തിനും മദ്യം വിളമ്പുന്നതിനുമെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
സ്കൂള്‍-കോളജ് വിദ്യാര്‍ഥികളെയും ആദിവാസി കോളനികളും കേന്ദ്രീകരിച്ചാണ് കഞ്ചാവുവില്പന ഏറെയും. വിനോദ സഞ്ചാരികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരവധി സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ആവശ്യക്കാര്‍ക്ക് ചെറിയ പൊതി കഞ്ചാവാണ് നല്‍കുന്നത്. ഇതിന് പുറമെ എം.ഡി.എം.എ പോലുളള മാരക ലഹിരകളും വ്യാപകമായി വിറ്റഴിക്കുന്നു.
ഒരു പൊതി കഞ്ചാവിന് മുന്നൂറിനു മുകളിലാണ് വില. അടിമാലി പ്രൈവറ്റ് ബസ്റ്റാന്റ്, ടൗണ്‍ സെന്‍ട്രല്‍ ജംഗ്ഷന്, കോടതി റോഡ്, ലൈബ്രറി റോഡ്, കല്ലാര്‍കുട്ടി റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും വന്‍ സംഘങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ട്. യുവാക്കളെയും കൗമാരക്കാരെയും ലക്ഷ്യമാക്കിയാണ് ടൗണിലും പരിസരപ്രദേശങ്ങളിലെയും വില്പന. രാജാക്കാട്, ഇരുമ്പുപാലം, മുരിക്കാശ്ശേരി എന്നിവിടങ്ങളിലെ മൊത്തക്കച്ചവടക്കാരാണ് ചെറിയ പാക്കറ്റുകളിലാക്കി കഞ്ചാവ് ചെറുകിട വില്പനക്കാർക്ക് എത്തിക്കുന്നത്. ഹാന്‍സ്, പാന്‍പരാഗ് മുതലായ നിരോധിച്ച പുകയില ഉൽപന്നങ്ങളുടെ വില്പനയും വ്യാപകമാണ്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇതിലേറെയും കുടുങ്ങുന്നത്. ചില പെട്ടിക്കടകള്‍ക്കു പുറമെ ചൂതാട്ട സംഘം ആവശ്യക്കാരുടെ ഇടയിലേക്കു കടന്നെത്തുന്നുണ്ട്. ആയിരക്കണക്കിനു രൂപയാണ് ദിവസത്തില്‍ ചൂതാട്ടത്തിലൂടെ നഷ്ടമാകുന്നത്. കൂലിവേല ചെയ്യുന്നവരാണ് ഇതിലേറെയും. ഇതിനെതിരെ പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.