ദേശീയപാത നിർമാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsഅടിമാലി: ദേശീയപാത നിർമാണത്തിനിടയിൽ അടിമാലി ഇരുമ്പുപാലത്തിന് സമീപം 14ാം മൈലിൽ മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി. ഇവരെ മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഓടയും സംരക്ഷണഭിത്തിയും നിർമിക്കുന്ന ജോലികൾ നടന്നുവരുന്നുണ്ട്. ഇതിനിടയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഓടനിർമാണം നടക്കുന്നതിനിടെ സമീപത്തെ മൺതിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു.
ജോലിയിൽ ഏർപ്പെട്ടിരുന്ന തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി ജോസ്, തമിഴ്നാട് തെങ്കാശ്ശി സ്വദേശി കാളിസ്വാമി എന്നിവരാണ് മണ്ണിനടിയിൽ അകപ്പെട്ടത്. കാളിസ്വാമി പൂർണമായും മണ്ണിനടിയിൽപെട്ടിരുന്നു. ഉടൻ സമീപവാസികളും മറ്റ് തൊഴിലാളികളും ദേശീയപാതയിലൂടെയെത്തിയ വിനോദസഞ്ചാരികളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഇടിഞ്ഞ വീണ മണ്ണ് നീക്കി കാളിസ്വാമിയെ പുറത്തെടുത്തു. ചെറിയ പരിക്കുകൾ സംഭവിച്ച ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി അഗ്നിരക്ഷാസേനയും സ്ഥലത്തെയിരുന്നു. പരിക്ക് സാരമുള്ളതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.