ജീവിതസായാഹ്നത്തിൽ മകനെ ചികിത്സിക്കാനും അന്തിയുറങ്ങാനും കഴിയാതെ ദമ്പതികൾ...
text_fieldsഅടിമാലി: പ്രളയകാലത്ത് ഇടിഞ്ഞുവീണ വീടിെൻറ അവശേഷിക്കുന്ന ഭാഗത്ത് ദുരിതംപേറി രോഗങ്ങളോട് മല്ലടിച്ച് ഒരു കുടുംബം. അടിമാലി മാപ്പാനികുന്ന് പനച്ചേകുന്നേല്‍ ഹസന്‍ അണ്ണന്‍ (ഹനീഫ -77), ഭാര്യ സാറ(ഫാത്തിമ -67), മാനസിക ദൗർബല്യമുള്ള മകന്‍ റസാഖ് (37) എന്നിവരാണ് ദുരിതജീവിതം നയിക്കുന്നത്.
ഒരുനേരത്തെ ഭക്ഷണത്തിനുപോലും വിഷമിക്കുന്ന ഈ കുടുംബം മരുന്നിനും മറ്റുമായി അലയാത്ത ഇടമില്ല. 2018ലുണ്ടായ പ്രളയത്തില്‍ ഇവര്‍ താമസിക്കുന്ന വീട് ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു. ഷീറ്റ് മേഞ്ഞ വീടിെൻറ മേൽക്കൂര ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. പലകകൊണ്ട് നിരവധി താങ്ങുകള്‍ നല്‍കിയാണ് മേൽക്കൂര നിലനിര്‍ത്തിയിരിക്കുന്നത്.
മഴപെയ്താല്‍ ചോർന്നൊലിക്കാത്ത സ്ഥലമില്ല. രാത്രിയില്‍ മഴ പെയ്താൽ നനയാതിരിക്കാന്‍ മൂവരും ഇറയത്തേക്ക് മാറിനില്‍ക്കും. പതിറ്റാണ്ടുകളായി മാങ്കുളത്ത് താമസിച്ചിരുന്ന ഈ കുടുംബം മകെൻറ ചികിത്സക്കായാണ് 12 വര്‍ഷം മുമ്പ് അടിമാലിയിലെത്തിയത്. പൊതുപ്രവര്‍ത്തകനായിരുന്ന ഹസന്‍ അണ്ണന്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി മകനെ ചികിത്സിച്ചെങ്കിലും രോഗത്തിന് ശമനമായില്ല. 10 ലക്ഷത്തിലേറെ കടബാധ്യയും വന്നു.
പതിയെ ബന്ധുക്കളും രാഷ്ട്രീയത്തിലെ സഹപ്രവര്‍ത്തകരും കൈയൊഴിഞ്ഞു. അയൽവീടുകളിലെ ചെറുസഹായങ്ങളാണ് വല്ലപ്പോഴും ഇവരുടെ അടുപ്പ് പുകക്കുന്നത്. ഉപജീവനമാർഗമില്ലെന്നതിന് പുറമെ സ്വന്തമായി അടച്ചുറപ്പുള്ള വീട് ഇല്ലെന്നതാണ് ഇവരുടെ മുഖ്യപ്രശ്നം. സംസ്ഥാന ഫ്ലാറ്റ് സമുച്ചയം ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭവനപദ്ധതികള്‍ നടപ്പാക്കിയ പഞ്ചായത്താണ് അടിമാലി.
മറ്റ് പഞ്ചായത്തുകളില്‍ ഉള്ളവർക്കുപോലും അടിമാലി ഫ്ലാറ്റില്‍ ഇടംകിട്ടിയപ്പോഴും ഇവര്‍ തഴയപ്പെട്ടു. അടിമാലി ടൗണില്‍നിന്ന് 300 മീറ്റര്‍ മാത്രം അകലെയാണ് ഇവര്‍ താമസിക്കുന്നത്. എന്നിട്ടും കുടുംബത്തിെൻറ ദൈന്യത പുറംലോകം അറിഞ്ഞിട്ടില്ല. പുറമ്പോക്കിലാണ് ഇവരുടെ വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.