വാർത്താവിനിമയ ബന്ധം നിലച്ചു; മാങ്കുളത്ത് വൈദ്യുതി ഇല്ലാതായിട്ട് അഞ്ചുദിവസം
text_fieldsഅടിമാലി: അവികസിത ഗ്രാമപഞ്ചായത്തായ മാങ്കുളത്ത് വൈദ്യുതി മുടങ്ങിയിട്ട് അഞ്ചു ദിവസം. വൈദ്യുതി മുടങ്ങുകയും ഇന്ധനം തീരുകയും ചെയ്തതോടെ വാർത്ത വിനിമയ ബന്ധം അവതാളത്തിലായി. ബി.എസ്.എൻ.എൽ, ജിയോ, വി.ഐ തുടങ്ങി എല്ലാ നെറ്റുവർക്കും നിലച്ചു. വൈദ്യുതി ഇല്ലാത്തതിനാൽ ഹോട്ടൽ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളും തുറക്കുന്നില്ല. ജനറേറ്റർ വാടകക്കെടുത്ത് വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നവർ ഉണ്ടെങ്കിലും ആവശ്യക്കാർക്കെല്ലാം ഇവ കിട്ടാത്ത സാഹചര്യമാണ്.
വൈദ്യുതിയും ഇന്റർനെറ്റും ഇല്ലാത്തതിനാൽ അക്ഷയ കേന്ദ്രം അടക്കം സേവനങ്ങളും നിലച്ചു. വൈദ്യുതി നിലച്ചതോടെ വിവിധ സർക്കാർ ഓഫിസുകളുടെ പ്രവർത്തനവും പ്രതിസന്ധിയിലായി. കാലവർഷം രൂക്ഷമായതും മരങ്ങൾ വ്യാപകമായി ലൈനുകളിലേക്ക് പതിച്ചതുമാണ് വൈദ്യുതി മുടങ്ങാൻ കാരണം.
ചിത്തിരപുരം ഇലക്ട്രിക്കൽ മേജർ സെക്ഷന്റെ കീഴിൽ വരുന്ന പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കാൻ ജീവനക്കാർ ഇല്ലാത്തതാണ് പ്രശ്നം. കല്ലാർ മുതൽ വിരിപാറവരെ വൻമരങ്ങൾ ധാരാളം നിൽക്കുന്ന ഏലക്കാട്ടിലൂടെയാണ് മാങ്കുളത്ത് വൈദ്യുതി എത്തിക്കുന്നത്.
ഈ ഭാഗത്ത് മണ്ണിനടിയിലൂടെ കേബിൾ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാമെങ്കിലും നടപടിയില്ല. സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് ചരിത്രത്തിന്റെ ഭാഗമായ പഞ്ചായത്താണ് മാങ്കുളം. ഈ പദ്ധതിയിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി മുമ്പ് കെ.എസ്.ഇ.ബി വാങ്ങിയിരുന്നു. 2018ലെ പ്രളയത്തിൽ മണ്ണും വെള്ളവും കയറി പഞ്ചായത്തിന്റെ വൈദ്യുതി നിലയം തകർന്നു. പിന്നീട് ഇത് നന്നാക്കിയില്ല. ഇതോടെ വലിയ വരുമാന നഷ്ടമാണ് പഞ്ചായത്തിന് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.