ചിന്നക്കനാലിൽ നാല് വീടിനു നേരെ കാട്ടാന ആക്രമണം
text_fieldsഅടിമാലി: ചിന്നക്കനാൽ മുത്തമ്മ കോളനിയിൽ നാല് വീടിനുനേരെ കാട്ടാന ആക്രമണം. അന്നലക്ഷ്മി, പ്ലാവടിയാൻ, മുനിയാണ്ടി, പാണ്ഡ്യൻ എന്നിവരുടെ വീടാണ് വെള്ളിയാഴ്ച പുലർച്ച മുറിവാലൻ എന്ന കാട്ടാന തകർത്തത്. പുലർച്ച ഒന്നോടെയായിരുന്നു ഒറ്റയാന്റെ ആക്രമണം. അന്നലക്ഷ്മിയുടെ വീട് പൂർണമായി തകർന്നു. അന്നലക്ഷ്മി മകൾ ശാന്തിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. സമീപത്ത് തന്നെയുള്ള ശാന്തിയുടെ വീടിന്റെ വാതിലും ഒറ്റയാൻ തകർത്തു.
ശാന്തി, ഭാർത്താവ് മുനിയാണ്ടി, മരുമകൾ സത്യ, കൊച്ചുമക്കളായ അർണവ്, ദർശിനിയ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. മുനിയാണ്ടിയും ഭാര്യയും കൊച്ചുമക്കളുമായി പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ടു. തൊട്ടടുത്തുള്ള പാണ്ഡ്യന്റെ വീടിന്റെ വാതിലും ഒറ്റയാൻ കുത്തപ്പൊളിക്കാൻ ശ്രമിച്ചു. പ്ലാവടിയാന്റെ വീടിന്റെ വാതിലും ഒറ്റയാൻ പൊളിച്ചു. 80കാരനായ പ്ലാവടിയാനും മകൻ ലിംഗനാഥും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ആന വീട് ആക്രമിച്ചതോടെ ലിംഗനാഥ് പിതാവിനെ പിൻഭാഗത്തെ ജനലിലൂടെ പുറത്തിറക്കി സമീപത്തെ വീട്ടിലെത്തിച്ചു.
ഒരു മാസത്തിലേറെയായി അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, മുറിവാലൻ എന്നീ ഒറ്റയാന്മാർ ജനവാസ കേന്ദ്രങ്ങളിൽ വലിയ നാശമാണ് വരുത്തുന്നത്. ഏറ്റവും ഉപദ്രവകാരിയായ അരിക്കൊമ്പനെ മാത്രമാണ് മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനിച്ചിട്ടുള്ളത്. മറ്റ് രണ്ട് ആനകളുടെ കാര്യത്തിൽ വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല. വർഷങ്ങളായി ഈ കാട്ടാനകൾ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. രണ്ടാഴ്ചയായി ഒരു വീടെങ്കിലും കാട്ടാനകൾ തകർക്കാത്ത ദിവസമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.