പണി ഉറപ്പില്ല; തൊഴിലുറപ്പ് പ്രതിസന്ധിയിൽ
text_fieldsഅടിമാലി: മുമ്പ് ചെയ്ത പുരയിടങ്ങളിൽ പണിയെടുക്കാൻ അനുവദിക്കാത്തതിനാൽ ജോലിയില്ലാതെ തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിൽ. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി കൂടുതൽ കാർഷിക മേഖലക്ക് ഉപയോഗപ്പെടുന്ന തരത്തിൽ വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോണ്ടൂർ ബണ്ട് നിർമാണം, മഴക്കുഴി, ജൈവവേലി, ഓവുചാൽ നിർമ്മാണം, മണ്ണ് കയ്യാല നിർമാണം, റോഡരികിൽ മരത്തൈ നടീൽ, തരിശുഭൂമി കൃഷിയോഗ്യമാക്കൽ, തട്ടു തിരിക്കൽ എന്നിവയൊക്കെയാണ് മിക്ക പഞ്ചായത്തുകളിലും നടക്കുന്നത്. ഇവയിൽ പലതും കാർഷിക മേഖലക്ക് അത്ര പ്രയോജനപ്രദമല്ല. ഒരു തവണ ഒരു തൊഴിൽ ചെയ്ത പുരയിടത്തിൽ പിന്നീടുള്ള വർഷങ്ങളിൽ ആ ജോലി ചെയ്യാൻ സാധിക്കില്ല.
ചെറുകിട കർഷകരും കർഷക തൊഴിലാളികളുമാണ് കൂടുതലും തൊഴിലുറപ്പ് ജോലിക്കിറങ്ങുന്നത്. ഈ വർഷം വേനൽ കടുത്ത് ഹൈറേഞ്ച് മേഖലയിൽ കുറേയധികം ഏലച്ചെടികൾ നശിച്ചതിനാലും, മഴ താമസിച്ചതിനാലും ഏലത്തിന്റെ പണികൾ വൈകിയിരുന്നു. അതുകൊണ്ട് ഏലത്തോട്ടങ്ങളിൽ പണികൾ കുറവാണ്. രണ്ടു പ്രാവശ്യം കായ് എടുത്താൽ പിന്നെ ഏലത്തിന് കായ് എടുക്കുന്ന ജോലിയില്ല. തൊഴിലുറപ്പ് ജോലികൾ ലഭിച്ചാൽ ഏലം കർഷകർക്കും തൊഴിലാളികൾക്കും ഗുണകരമായിരുന്നു. മറ്റ് കൂലിപ്പണികൾക്ക് പോകാൻ സാധിക്കാത്തവരാണ് കൂടുതലും തൊഴിലുറപ്പ് ജോലികൾക്ക് ഇറങ്ങുന്നത്.
ഇടുക്കിയിലെ കാർഷിക മേഖലയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ വിളവെടുപ്പ് അടക്കമുള്ള കൃഷി ജോലികൾ ചെയ്യാനായാൽ ഉത്പാദനവും കൂലി ചെലവ് കുറയുന്നതിനാൽ കർഷകന് വരുമാനവും വർധിക്കും.
തുടർച്ചയായി വിവിധ കൃഷി വിളകളുടെ പണികൾ നടത്തേണ്ടതിനാൽ തൊഴിലിന് മറ്റ് തടസ്സങ്ങളുമുണ്ടാകില്ല. തൊഴിലുറപ്പ് തുടങ്ങിയ കാലം മുതൽ ക്ഷീരമേഖലയിൽ പണിയെടുക്കുന്നവരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നാളിതുവരെ നടന്നിട്ടില്ല. കർഷകർക്ക് ഗുണകരമാകുന്ന പണികൾ കൂടി പദ്ധതിയിൽ ചേർത്താൽ കൂടുതൽ തൊഴിലാളികൾ പണിക്കിറങ്ങുകയും അതിന്റെ 40 ശതമാനം ഫണ്ട് പഞ്ചായത്തുകൾക്ക് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ മെറ്റീരിയൽ കോസ്റ്റ് വർക്കുകൾ കൂടി ഏറ്റെടുത്ത് നടത്താനും സാധിക്കും. ആസൂത്രണ സമിതികൾ പദ്ധതികൾ തയ്യാറാക്കുമ്പോൾ അതാത് പ്രദേശങ്ങളിലെ കർഷകർക്ക് ഗുണകരമാകുന്ന രീതിയിലുള്ള പദ്ധതികൾ ഏറ്റെടുത്ത് പ്രധാന ആവശ്യം. ഇക്കാര്യങ്ങൾ തൊഴിലുറപ്പ് ഗ്രാമസഭകൾ വഴി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും, നടപ്പിലാക്കാൻ ജനപ്രതിനിധികൾ സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്നുമാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.