തൊഴിലുറപ്പ് പദ്ധതി; തൊഴിൽ ഉറപ്പാക്കണം, വേതനവും
text_fieldsആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടവർ
അടിമാലി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലും വേതനവും ഉറപ്പാക്കണമെന്ന് തൊഴിലാളികൾ. രണ്ട് മാസമായി വേതനവും വർഷത്തിൽ 100 ദിവസം പോലും തൊഴിലും ലഭ്യമാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ ഇക്കാര്യം ആവശ്യപ്പെട്ടത്. തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയുടെ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറ്റം വരുത്തുകയും വേണം. വരൾച്ചയും വന്യജീവി ശല്യവും മൂലം കൃഷിയിൽ വൻതോതിൽ കുറവുണ്ടായതിനാൽ പണിയില്ലാത്ത സാഹചര്യമാണ്.
നിലവിൽ ജൈവവേലി, കല്ല് കയ്യാല, തട്ട് നിരപ്പാക്കൽ, കോണ്ടൂർ ബണ്ട് തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. ചെയ്യുന്ന ജോലി മൂന്ന് വർഷം വരെ നിലനിൽക്കുന്നതാവണം എന്ന വ്യവസ്ഥയാണ് ഇത്തരത്തിൽ പദ്ധതി ചുരുങ്ങാൻ കാരണം. തൊഴിലുറപ്പ് ജോലി കൂടുതലും കടുത്ത വേനൽ കാലത്താണ്. ചീമകൊന്നയും ചെമ്പരത്തിയും കമ്മട്ടിയും ഉൾപ്പെടെ ഉപയോഗിച്ച് നിർമിക്കുന്ന ജൈവവേലി വേനലിൽ ഇല്ലാതാകുന്ന സ്ഥിതിയാണ്. കാർഷിക മേഖലയുടെ വികസനത്തിന് കാര്യമായ ഇടപെടൽ പദ്ധതിയിൽ ഇല്ലാത്തതിനാൽ കൃഷിയിടങ്ങൾ തരിശാകുന്നു.
ഇപ്പോൾ ജില്ല നേരിടുന്ന പ്രധാന പ്രശ്നം വന്യമൃഗശല്യമാണ്. വനാതിർത്തികളിൽ കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങാതിരിക്കാൻ കിടങ്ങുകളും മറ്റ് സുരക്ഷ പ്രവർത്തനങ്ങളും തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കാൻ കഴിയും. ഇതൊന്നും വിഭാവനം ചെയ്യാതെ പഴയ പദ്ധതികളുടെ തനിയാവർത്തനം മാത്രമാണ് നടക്കുന്നത്. ഇത് പദ്ധതി പാഴാക്കുന്ന പ്രവർത്തനമാണ്. ക്ഷീര മേഖലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിരവധി പദ്ധതികൾ നടപ്പാക്കാനാകും. ഇതിലേക്കും തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കാൻ കഴിയും. ഇതിനും അധികൃതർ തയാറാകുന്നില്ല .
തൊഴിലുറപ്പ് വേതനം നിലവിലുള്ള 334 രൂപയിൽ നിന്ന് 600 രൂപയാക്കണമെന്നും തൊഴിൽ ദിനങ്ങൾ 100 എന്നത് ഇരട്ടിയാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില വർധനയെ തുടർന്ന് അവശ്യവസ്തുക്കൾ വാങ്ങാൻ തൊഴിലുറപ്പ് തൊഴിലാളികൾ പ്രയാസപ്പെടുകയാണ്.
കാലാവസ്ഥ വൃതിയാനം മൂലം ഏലംകൃഷി നശിച്ചതിനാൽ ഹൈറേഞ്ച് മേഖലയിൽ ഏലത്തോട്ടങ്ങളിലെ തൊഴിലാളികൾക്ക് പണികൾ കുറവായ സാഹചര്യത്തിൽ തൊഴിലുറപ്പ് ദിനങ്ങൾ വർധിപ്പിച്ച് കൂടുതൽ തൊഴിൽ അവസരമുണ്ടാക്കണമെന്നും, കാർഷിക ക്ഷീര മേഖലയിലേക്ക് തൊഴിലുറപ്പ് പദ്ധതികളുടെ പ്രയോജനം പൂർണമായി എത്തിക്കണമെന്നതുമാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.
2024 ലെ ക്രിസ്തുമസിന് ശേഷം തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ടില്ല. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള സമയത്ത് ചെയ്ത തൊഴിലിന്റെ വേതനം 10 ദിവസത്തിനുള്ളിൽ കിട്ടി കൊണ്ടിരുന്നതാണ്.ഇപ്പോൾ രണ്ട് മാസമായി വേതനം ലഭിക്കാത്തതിനാൽ തൊഴിലാളികൾ പലരും ബുദ്ധിമുട്ടിലാണ്. കാർഷിക മേഖലയായ ഇടുക്കിയിൽ അടുത്ത വർഷത്തെ പദ്ധതികൾ ആരംഭിക്കുമ്പോൾ കാർഷിക ജോലികൾക്ക് പ്രഥമ പരിഗണന നൽകണമെന്നതുമാണ് തൊഴിലാളികളുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.