ചിന്നക്കനാലിൽ 13 ഏക്കറിലെ കൈയേറ്റം ഒഴിപ്പിച്ചു
text_fieldsഅടിമാലി: ചിന്നക്കനാൽ 301 കോളനിയിലെ കൈയേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. ആദിവാസി പുനരധിവാസ പദ്ധതിയിൽപ്പെട്ട 13 ഏക്കറോളം ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിംഗുകണ്ടം കൂനംമാക്കല്‍ മത്തായി, എല്‍സി മത്തായി എന്നിവർ കൈവശംവെച്ചിരുന്ന 8.9 ഏക്കറിലെയും സിംഗുകണ്ടം സ്വദേശി സി. പാല്‍രാജ് കൈവശംവെച്ച 4.7 ഏക്കറിലെയും കൈയേറ്റം ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞ ദിവസം ഉടുമ്പന്‍ചോല തഹസില്‍ദാർ ഉത്തരവിട്ടിരുന്നു.
തുടർന്ന്, രണ്ടുദിവസത്തിനകം ഭൂമി ഒഴിഞ്ഞുപോയില്ലെങ്കിൽ നടപടി എടുക്കുമെന്നുകാണിച്ച് മത്തായി, എല്‍സി എന്നിവർക്കും പാല്‍രാജ് മരിച്ചതിനാല്‍ മകന് ജയപാലിനും റവന്യൂ വകുപ്പ് നോട്ടീസ് നല്കി. ഇവര്‍ സ്വമേധയാ കൈയേറ്റം ഒഴിയാന്‍ തയാറാവാതെ വന്നതോടെയാണ് പൊലീസിന്റെയും ഭൂസംരക്ഷണ സേനയുടെയും സഹായത്തോടെ റവന്യൂ അധികൃതര്‍ കൈയേറ്റം ഒഴിപ്പിച്ച് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത്.
ആദിവാസി പുനരധിവാസ പദ്ധതിപ്രകാരം അനുവദിച്ച ഭൂമിയിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ റവന്യൂ വകുപ്പ് നടപടി തുടങ്ങിയിരുന്നു. ഇതിനെതിരെ ഭൂവുടമകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി സർക്കാറിന് അനുകൂലമായി. ഇതോടെയാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്. കൈയേറ്റ ഭൂമിയിലെ മൂന്നുവര്‍ഷം പ്രായമുള്ള ഏലച്ചെടികള്‍ റവന്യൂ സംഘം വെട്ടിനശിപ്പിച്ചു. ഉടുമ്പന്‍ചോല എൽ.ആര് തഹസില്‍ദാര്‍ സീമ ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഹാരിസ് ഇബ്രാഹീം, സന്തോഷ് കുമാര്‍, ചിന്നക്കനാല്‍ വില്ലേജ് ഓഫിസര്‍ സുനില്‍ കെ.പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് കൈയേറ്റം ഒഴിപ്പിച്ചത്. ചിന്നക്കനാലിലെ കൈയേറ്റം പൂര്‍ണമായി ഒഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമികള്‍ സംരക്ഷിക്കാനുള്ള നടപടികളിലാണ് റവന്യൂ വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.