പൂപ്പാറ ടൗണിൽ കൈയേറ്റം ഒഴിപ്പിക്കൽ; 85 കെട്ടിടം ഏറ്റെടുത്തു
text_fieldsഅടിമാലി: പൂപ്പാറ ടൗണിൽ പുറമ്പോക്ക് ഭൂമി കൈയേറി നിർമിച്ചതെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയ 85 കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്തു. പന്നിയാർ പുഴയുടെ തീരത്തെ കടമുറികളും മൂന്ന് ആരാധനാലയങ്ങളും കുരിശടിയും ഉൾപ്പെടെ കെട്ടിടങ്ങളാണ് പൂട്ടി സീൽ ചെയ്തത്. ഇതിൽ 46 കടകളും 39 വീടുകളും ഉൾപ്പെടുന്നു. ആളുകൾ താമസിക്കുന്ന 13 കെട്ടിടങ്ങൾ ഒഴിപ്പിച്ചിട്ടില്ല.
പൂപ്പാറ ടൗണിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ ആറ് ആഴ്ചക്കുള്ളിൽ നടപടി സ്വീകരിക്കാൻ കഴിഞ്ഞ 17ന് ഹൈകോടതി ജില്ല ഭരണകൂടത്തിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി സബ് കലക്ടർ അരുൺ എസ്.നായർ, ഭൂരേഖ തഹസിൽദാർ സീമ ജോസഫ്, തഹസിൽദാർ എ.വി. ജോസ് എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ സംഘം ബുധനാഴ്ച രാവിലെ 10ന് പൂപ്പാറയിൽ എത്തി ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.
മൂന്നാർ ഡി.വൈ.എസ്.പി അലക്സ് ബേബി, സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി മധു ബാബു എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ നിന്നായി നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. നടപടികൾ ആരംഭിക്കും മുമ്പ് പൂപ്പാറ ഉൾപ്പെടുന്ന ശാന്തൻപാറ പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അടിയന്തര സാഹചര്യം നേരിടാൻ മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷ സേന യൂനിറ്റും എത്തിയിരുന്നു. ഉദ്യോഗസ്ഥർ നാല് സംഘങ്ങളായി തിരിഞ്ഞ് പുറമ്പോക്ക് ഭൂമിയിൽ നിർമിച്ച കച്ചവട സ്ഥാപനങ്ങളിൽ കയറി സാധനങ്ങൾ എടുത്തുമാറ്റാൻ സമയം നൽകി.
ഉദ്യോഗസ്ഥർ എത്തിയതോടെ പ്രതിഷേധവുമായി ചില കടയുടമകൾ രംഗത്തുവന്നത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഒഴിപ്പിക്കൽ നടപടികൾ ഒരാഴ്ച കൂടി നീട്ടണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. എന്നാൽ റവന്യൂ അധികൃതർ പരിഗണിച്ചില്ല. പൂപ്പാറ ടൗണിലെ ഒരു സ്ഥാപനം അടച്ച് പൂട്ടാനുള്ള ശ്രമത്തിനിടെ വ്യാപാരികൾ പ്രതിഷേധിക്കുകയും പൊലീസുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു.
പ്രതിഷേധക്കാരായ ഏഴുപേരെ അറസ്റ്റ് ചെയ്തു നീക്കിയതോടെയാണ് സംഘർഷാവസ്ഥക്ക് അയവ് വന്നത്. ചില വ്യാപാരികൾ കടയിൽ നിന്ന് സ്വമേധയാ സാധനങ്ങൾ നീക്കി. തുടർന്ന് മൂന്നരയോടെ നടപടികൾ അവസാനിപ്പിച്ചു.
അപേക്ഷ നൽകിയാൽ അടച്ചുപൂട്ടിയ കടകളിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിന് വ്യാപാരികൾക്ക് അവസരം നൽകുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.