പനി പടരുമ്പോഴും ഇടുക്കി ജില്ലയിൽ ഡോക്ടർമാരില്ല
text_fieldsഅടിമാലി: പനി പടർന്നു പിടിക്കുന്ന ജില്ലയിൽ ഡോക്ടർമാരുടെ ക്ഷാമം. ജില്ലയിൽ വിവിധ ആശുപത്രിയിലായി 30 ഡോക്ടർമാരുടെ കുറവുണ്ട്. ഈയിടെ നടന്ന സ്ഥലംമാറ്റത്തോടെയാണ് ഒഴിവുകൾ വർധിച്ചത്.
41 പ്രൈമറി ഹെൽത്ത് സെന്ററും 13 കമ്യൂണിറ്റി ഹെൽത്ത് സെന്ററും നാല് താലൂക്ക് ആശുപത്രിയും രണ്ട് ജില്ല ആശുപത്രിയും ഒരു മെഡിക്കൽ കോളജുമാണുള്ളത്. 30 ഡോക്ടർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.ഇതിൽ ഒട്ടേറെ തസ്തികയിലേക്കു നിയമനം ആയിട്ടുണ്ടെങ്കിലും ഡോക്ടർമാർ ചുമതല ഏൽക്കുന്നതേയുള്ളൂവെന്ന് ഡി.എം.ഒ പറഞ്ഞു.
പലയിടത്തും പ്രതിസന്ധി പരിഹരിക്കാൻ താൽക്കാലിക നിയമനം നടത്തുന്നുണ്ട്. വർക്കിങ് അറേഞ്ച്മെന്റ് വഴിയും ഡോക്ടർമാരെ ലഭ്യമാക്കുന്നുണ്ട്. നിയമനം ലഭിച്ച ഡോക്ടർമാരിൽ ചിലർ ഉപരിപഠനത്തിനു പോയതും ഒഴിവുകൾക്ക് കാരണമായിട്ടുണ്ട്. ഒട്ടേറെ ആശുപത്രികളിൽ ഒന്നും രണ്ടും ഡോക്ടർമാരുടെ കുറവുണ്ട്.
അടിമാലി താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് തസ്തിക ഒരു മാസത്തിലധികമായി ഒഴിഞ്ഞുകിടക്കുകയാണ്. മുഖ്യ ഗൈനക്കോളജിസ്റ്റ് അവധിയിൽ പോയതോടെ ഈ വിഭാഗത്തിന്റെ പ്രവർത്തനം താളംതെറ്റി. മൂന്ന് ഗൈനക്കോളജി ഡോക്ടർമാർ ഉണ്ടായിരുന്ന ഇവിടെ ഒരു ജൂനിയർ ഡോക്ടർ മാത്രമാണുള്ളത്.
ദേവിയാർ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർക്ക് ആർദ്രം പദ്ധതിയിലെ ജില്ല ചാർജ് നൽകി. ഇതോടെ ഈ ഡോക്ടറുടെ സേവനവും നഷ്ടമായി. മാങ്കുളം ആശുപത്രിയിലും ഒരു ഡോക്ടർ മാത്രമാണുള്ളത്.
90 ശതമാനവും ആദിവാസികൾ ചികിത്സ തേടുന്ന ഇവിടെയും കാര്യങ്ങൾ കുഴഞ്ഞുകിടക്കുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ഡെങ്കിപ്പനി കേസുകളിലും നേരിയ കുറവുണ്ട്. മഴ ശക്തിപ്പെട്ടതോടെ എലിപ്പനി ആശങ്കയും ഉയർന്നു തുടങ്ങി എലിപ്പനി ലക്ഷണങ്ങളോടെ ചിലർ ചികിത്സക്കെത്തുന്നുണ്ട്. ജലവുമായി സമ്പർക്കത്തിലുള്ള ജോലിയിൽ ഏർപ്പെടുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
തൊഴിലുറപ്പ് തൊഴിലാളികൾക്കും ശുചീകരണ വിഭാഗം ജീവനക്കാർക്കും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.