ബഹുനില കെട്ടിടങ്ങളില്‍ വിലക്ക് ലംഘിച്ച് വ്യാപക നിര്‍മാണം: രാത്രിയുടെ മറവിലാണ് നിര്‍മാണ പ്രവർത്തനം ഏറെയും നടക്കുന്നത്
text_fieldsഅടിമാലി: പള്ളിവാസല്‍ വില്ലേജില്‍ നിര്‍മാണം വിലക്കിയ വന്‍കിട കെട്ടിടങ്ങളില്‍ വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതം. ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വന്‍തോതില്‍ നിര്‍മാണം നടക്കുന്നതെന്നാണ് ആക്ഷേപം. അനധികൃതമെന്ന് കണ്ടെത്തി മുൻ ദേവികുളം സബ് കലക്ടര്‍ നിര്‍മാണം തടയുകയും ഈ നടപടികൾ കോടതികൾ ശരിവെക്കുകയും ചെയ്ത കെട്ടിടങ്ങളിലടക്കമാണ് രഹസ്യ നിര്‍മാണം.
ചിത്തിരപുരത്ത് നിയമവിരുദ്ധമെന്ന് കണ്ടെത്തിയ ബഹുനില കെട്ടിടം ഉള്‍പ്പെടെ രണ്ട് ഡസനിലേറെ കെട്ടിടങ്ങളിൽ രഹസ്യനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായാണ് വിവരം. രാത്രിയുടെ മറവില്‍ നടക്കുന്ന നിര്‍മാണത്തിന് പൊലീസിന്‍റെ ഒത്താശയുമുള്ളതായി ആക്ഷേപമുണ്ട്. പള്ളിവാസല്‍ വില്ലേജിലെ ചിത്തിരപുരം, ഡോപിപാലം, പള്ളിവാസല്‍, രണ്ടാംമൈല്‍, ആറ്റുകാട്, പോതമേട് എന്നിവക്കുപുറമെ കുഞ്ചിത്തണ്ണി, ബൈസണ്‍വാലി, ആനവിരട്ടി വില്ലേജുകളിലും ഇത്തരത്തില്‍ രഹസ്യനിര്‍മാണം നടക്കുന്നുണ്ട്. പല ഘട്ടങ്ങളിലായി ഭൂമി സംബന്ധിച്ച പരിശോധനകള്‍ നടത്തുകയും അനധികൃതമെന്ന് കണ്ടെത്തിയതിനാൽ നിർമാണം തടയുകയും ചെയ്തവയാണ് ഇവയിൽ ഭൂരിഭാഗം കെട്ടിടങ്ങളും. പഞ്ചായത്തിന്‍റെ അനുമതിയോടെയാണ് നിര്‍മാണമെന്ന് പറയുന്നുണ്ടെങ്കിലും ഒരു അനുമതിയും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നു.
2007ല്‍ പള്ളിവാസല്‍ പൈപ്പ് ലൈന്‍ ഭാഗത്ത് നിര്‍മാണം തടഞ്ഞ രണ്ട് കെട്ടിടങ്ങളും ഇതിനകം പൂര്‍ത്തിയാക്കി. ലക്ഷ്മി, ഒറ്റമരം എന്നിവിടങ്ങളിലും നടപടി നേരിട്ട നിരവധി കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വൈദ്യുതി, ആരോഗ്യം, പൊതുമരാമത്ത്, റവന്യൂ, വിദ്യാഭ്യാസ വകുപ്പുകളുടെ ഭൂമി കൈയേറി സ്ഥാപിച്ച കെട്ടിടങ്ങളിലാണ് നിർമാണം കൂടുതലും. രണ്ടുമാസം മുമ്പ് പീച്ചാടില്‍ ഏലത്തോട്ടത്തിലെ മരം മുറിയുമായി ബന്ധപ്പെട്ട് വനപാലകര്‍ നടത്തിയ അന്വേഷണത്തില്‍ അനധികൃതമായി നിര്‍മിച്ച കൂറ്റന്‍ കെട്ടിടം കണ്ടെത്തുകയും ഇത് പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.