ഏലത്തോട്ടത്തിൽനിന്നും വ്യാപകമായി മരങ്ങൾ മുറിച്ചു; ഒരാൾ അറസ്റ്റിൽ
text_fieldsഅടിമാലി: കുത്തകപ്പാട്ട ഏലത്തോട്ടത്തില്‍നിന്നും മരങ്ങള്‍ മുറിച്ച സംഭവത്തില്‍ ഒരാളെ വനപാലകര്‍ അറസ്റ്റ് ചെയ്തു. പാല മരങ്ങാട്ട്പിള്ളി മഞ്ചിശ്ശേരില്‍ ജോസഫ് സേവ്യറിനെ (ജോയി-51) ആണ് അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷിന്റെ നേത്യത്വത്തിലെ വനപാലക സംഘം അറസ്റ്റ് ചെയ്തത്. കുരുശുപാറ പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റില്‍നിന്ന് മരങ്ങള്‍ മുറിച്ച കേസിലാണ് അറസ്റ്റ്.
ഇതുവരെ 58 മരങ്ങള്‍ മുറിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. കൂടുതല്‍ പരിശോധന നടത്തിവരുന്നതായി റേഞ്ച് ഓഫിസര്‍ പറഞ്ഞു. മരം മുറി പുറത്തറിയാതിരിക്കാന്‍ അന്യജില്ലകളില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവന്നാണ് മരങ്ങള്‍ മുറിച്ചത്.
തോട്ടത്തിലെ സ്ഥിരം തൊഴിലാളികള്‍ പോലും വിവരം അറിഞ്ഞിരുന്നില്ല. വേഗത്തില്‍ മരംമുറിക്കാന്‍ വൈധഗ്ദ്യം നേടിയാ ആളാണ് ജോയി. റബര്‍ വെട്ട് തൊഴിലാളിയായ ജോയിയുടെ നേത്യത്വത്തില്‍ കൊണ്ടുവന്നാണ് മരങ്ങള്‍ കൂട്ടത്തോടെ മുറിച്ചത്.
എസ്‌റ്റേറ്റ് ഉടമകളായ നിരവത്ത് ജോണ്‍സണ്‍, സൈമണ്‍, എല്‍ദോസ്, മാത്യു എന്നിവര്‍ക്കെതിരെയും മരം മുറിക്കാന്‍ നേത്യത്വം നല്‍കിയ മറ്റുള്ളവര്‍ക്കെതിരെയും കേസ് എടുത്തതായി വനപാലകര്‍ അറിയിച്ചു. എസ്റ്റേറ്റ് ഭൂമി സംബന്ധിച്ച് ഇവര്‍ക്കെതിരെ ആരോപണം നിലനില്‍ക്കുകയാണെന്ന് വനപാലകര്‍ പറഞ്ഞു.
പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊർജിതമാക്കിയതായി റേഞ്ച് ഓഫിസര്‍ പറഞ്ഞു. സംഘത്തില്‍ സെക്ഷന്‍ ഫോറസ്റ്റര്‍ അബൂബക്കര്‍ സിദ്ദീഖ്, സിവില്‍ ഫോറസ്റ്റ് ഓഫിസര്‍ മനോജ്, പി.കെ. രാജന്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.