കർഷകന്റെ കരവിരുതിൽ കൂറ്റൻ ഈർക്കിൽ സ്രാവ്
text_fieldsഈർക്കിൽ ഉപയോഗിച്ച് നിർമിച്ച കൂറ്റൻ സ്രാവിന്റെ രൂപം
അടിമാലി : ഈർക്കിൽ ഉപയോഗിച്ച് കൂറ്റൻ സ്രാവിന്റെ രൂപം നിർമിച്ച് ശ്രദ്ധേയനായി കൊന്നത്തടി പഞ്ചായത്തിലെ കരിമല പാറയ്ക്കൽ രാജേഷ്. 14 അടി നീളമുള്ള സ്രാവിന്റെ രൂപമാണ് ഏഴ് മാസത്തെ പ്രയത്നത്തിനൊടുവിൽ രാജേഷ് നിർമിച്ചിരിക്കുന്നത്. കൃഷിയിടത്തിലെ പണികൾക്കിടയിൽ ലഭിക്കുന്ന സമയം ഉപയോഗിച്ചായിരുന്നു നിർമാണം. കഴിഞ്ഞ 20 വർഷമായി ഈർക്കിലിൽ ശിൽപങ്ങൾ നിർമിക്കുന്ന യുവ കർഷകനാണ് രാജേഷ്. 10 അടിയിലേറെ നീളമുള്ള മുതല, ദിനോസർ, കപ്പൽ എന്നിവ എടുത്തുപറയേണ്ട കലാസൃഷ്ടിയാണ്.
കൂടാതെ സിംഹം, പരുന്ത്, ആമ, തെങ്ങ് തുടങ്ങിയ സൃഷ്ടികളും ഈർക്കിൽ ഉപയോഗിച്ച് ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. നിർമാണത്തിനായി കൃഷിയിടത്തിലെ തെങ്ങിൽനിന്ന് വീണുലഭിക്കുന്ന ഈർക്കിൽ തികയാത്ത സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ചൂൽ വാങ്ങിയാണ് ഇദ്ദേഹം ഈർക്കിൽ ക്ഷാമം പരിഹരിച്ചിരുന്നത്. ഇതിനായി വലിയ തുക മുടക്കേണ്ടി വരുന്നുണ്ടെങ്കിലും പിൻവാങ്ങാൻ രാജേഷ് ഒരുക്കമല്ല. താൻ നിർമിച്ചിരിക്കുന്ന സാമഗ്രികളുടെ ഒരു മ്യൂസിയം തുടങ്ങണമെന്ന ആഗ്രഹമാണ് ഇദ്ദേഹത്തിനുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.