വന്യമൃഗശല്യം; കൃഷി ഉപേക്ഷിച്ച് കർഷകർ
text_fieldsഅടിമാലി: വലിയൊരു പ്രദേശത്തിന്റെ ഉപജീവനമാര്‍ഗമായിരുന്ന കൃഷിയിടങ്ങള്‍ പകുതിയലധികം ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യംമൂലം നശിക്കുന്നു. കൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍ ഭൂമി ഉപേക്ഷിച്ച് പാലായനം ചെയ്യുന്ന സാഹചര്യമാണ് ജില്ലയുടെ വിവിധ ഇടങ്ങളിൽ. അടിമാലി, മാങ്കുളം, പള്ളിവാസല്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ, മറയൂര്‍, വട്ടവട, ദേവികുളം, കാന്തല്ലൂര്‍, മൂന്നാര്‍ പഞ്ചായത്തുകളിലാണ് കാട്ടാന ഉള്‍പ്പെടെയുള്ളവയുടെ ശല്യം രൂക്ഷമായിരിക്കുന്നത്.
ഇതോടെ കൃഷിയിറക്കാതെ കൃഷിയിടങ്ങള്‍ കാടുമൂടിക്കിടക്കുന്ന കാഴ്ചയാണ് പലയിടങ്ങളിലും. മുമ്പ് വാഴ, കവുങ്ങ്, റബര്‍, കരിമ്പ്, തെങ്ങ്, കൊക്കോ മുതലായ കൃഷികള്‍ ചെയ്തിരുന്ന സ്ഥലങ്ങള്‍ മിക്കതും ഇപ്പോള്‍ ആളനക്കമില്ലാതെ കിടപ്പാണ്. മറയൂര്‍, അടിമാലി പഞ്ചായത്തുകളില്‍ കാട്ടാനകള്‍ക്ക് പുറമെ കുരങ്ങ് ശല്യവും രൂക്ഷമാണ്. അടിമാലി പട്ടണത്തിന്റെ മുകള്‍ഭാഗത്ത് കുരങ്ങ് ശല്യം മൂലം കൃഷിയൊന്നുമില്ല.
തീറ്റയില്ലാതായതോടെ കുരങ്ങുകള്‍ മനുഷ്യര്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്യുന്നു. ഓട്, ഷീറ്റ് മേഞ്ഞ വീടുകള്‍ വ്യാപകമായി കേടുവരുത്തുകയും ചെയ്യുന്നു. കാട്ടാന ശല്യം അല്പമൊന്ന് കുറഞ്ഞപ്പോള്‍ ആശ്വാസമായെന്നു കരുതിയ കര്‍ഷകര്‍ കുരങ്ങുകളെക്കൊണ്ട് പൊറുതിമുട്ടിയ കാഴ്ചയാണുള്ളത്. മാങ്കുളം, അടിമാലി പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലും പുറത്തും പന്നിശല്യം രൂക്ഷമാണ്.
പ്രതിസന്ധികളെ അതിജീവിച്ച് വീണ്ടും കൃഷിയിടത്തില്‍ വിള ഇറക്കിയ കര്‍ഷകര്‍ക്കു വെല്ലുവിളിയാണ് കാട്ടുപന്നിക്കൂട്ടം. വാഴ, കപ്പ, ചേന, ചേമ്പ്, കാച്ചില് തുടങ്ങിയവയെല്ലാം നശിപ്പിക്കുകയാണ്. മാങ്കുളം ജലവൈദ്യുതി പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ഇപ്പോള്‍ കാട്ടുപന്നികളുടെ താവളമാണ്. പൊതുസ്ഥലങ്ങളിലും റോഡിലും തള്ളുന്ന മാലിന്യംതേടി അടിമാലി പട്ടണത്തില്‍പോലും കാട്ടുപന്നികളെത്തുന്നു. വനമേഖലയില്‍നിന്ന് നാട്ടില്‍ ഇറങ്ങുന്ന കാട്ടുപോത്തുകളും കര്‍ഷകര്‍ക്ക് ശല്യമായി തുടങ്ങിയിരിക്കുകയാണ്. വട്ടവട, കാന്തലൂര്, മറയൂര്‍, മാങ്കുളം, ഇടമലക്കുടി പഞ്ചായത്തുകളിലാണ് കാട്ടുപോത്തുകളുടെ ശല്യം രൂക്ഷം. വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് പട്ടയഭൂമിയാണെങ്കില് പേരിന് സഹായം ലഭിക്കുമെങ്കിലും കുടിയേറ്റ കര്‍ഷകരുടെ കൈവശഭൂമിയിലെ കൃഷി നശിപ്പിച്ചാല്‍ നഷ്ടപരിഹാരമൊന്നും ലഭിക്കുന്നില്ല. വനവാസികളായ ആദിവാസികളും തോട്ടം തൊഴിലാളികളുമാണ് വന്യമൃഗശല്യം മൂലം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത പ്രതിസന്ധി നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.