ഏത്തക്കായ വില കുത്തനെ താഴ്ന്നു കണ്ണീരിൽ കർഷകർ
text_fieldsഅടിമാലി: ഏത്തക്കായ വില കുത്തനെ കുറഞ്ഞു. വെള്ളിയാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഏത്തപ്പഴം വിറ്റത് 35 രൂപയിലും താഴെയായിരുന്നു.
മൊത്ത വിൽപന വില ശരാശരി 25 രൂപയാണ്. ഇതോടെ വൻ തുക മുടക്കി ഏക്കർ കണക്കിന് ഭൂമിയിൽ ഏത്തവാഴ കൃഷിയിറക്കിയ കർഷകർ പ്രയാസത്തിലായി. ഓണക്കാലത്ത് ശരാശരി 70 രൂപയുണ്ടായിരുന്നു ഏത്തക്കായക്ക്. ഇപ്പോൾ പകുതിയിലും താഴെയായി.
രാസവളത്തിനുൾപ്പെടെ വൻ വിലവർധനയുണ്ടായതിനാൽ കൃഷി പരിപാലന ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടുതലാണെന്ന് കർഷകർ പറയുന്നു. ഏത്തവാഴ കൃഷിക്ക് കിലോക്ക് ശരാശരി 40 രൂപയോളം ചെലവു വരുമെന്നും ഇതിന്റെ പകുതി തുക മാത്രം കിട്ടുന്നതിനാൽ എന്തു ചെയ്യുമെന്നറിയാതെ വിഷമത്തിലാണെന്നും കർഷകർ പറയുന്നു. കർഷകർക്ക് 23 രൂപ പോലും കിട്ടുന്നില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഏത്തക്കായ ഉൽപാദിപ്പിക്കുന്ന ജില്ല ഇടുക്കിയാണ്. ഇടുക്കി ഏത്തക്കാക്ക് സംസ്ഥാനത്ത് എവിടെയും ഉയർന്ന വിലയും ലഭിക്കുമായിരുന്നു.
എന്നാൽ, തമിഴ്നാട്ടിൽ തിന്നും കൊണ്ടുവരുന്ന ഏത്തക്ക ഇടുക്കിയുടേതെന്ന രീതിയിൽ തൃശൂർ , കോട്ടയം, എറണാകുളം ജില്ലകളിൽ വിൽപ്പന നടത്തിയത് ഇടുക്കിയുടെ പെരുമ തകർത്തു. മറ്റ് ജില്ലകളിൽ ആവശ്യക്കാർ കുറഞ്ഞതോടെ വിലക്കുറവിൽ വിൽക്കേണ്ട സ്ഥിതിയായെന്നു കർഷകർ പറയുന്നു. കഴിഞ്ഞയാഴ്ച വരെ മൊത്ത വില 35 രൂപ വരെ വിലയുണ്ടായിരുന്നെങ്കിലും ഒരാഴ്ച കൊണ്ട് ഇടിയുകയായിരുന്നു. സ്വാശ്രയ കർഷക സമിതികൾ തകർന്നതോടെ ഉൽപാദനവും കുറയുന്നുണ്ട്. സർക്കാർ സഹായങ്ങളും ഏത്തവാഴ കർഷകർക്കില്ല.
തമിഴ്നാട്ടിൽ നിന്നു വൻതോതിൽ ഏത്തക്കായ ഹൈറേഞ്ചിലേക്ക് എത്തുന്നത് വൻ വിലയിടിവിന് വഴിയൊരുക്കിയത്. കായ ഉപ്പേരിക്ക് ആവശ്യക്കാർ കുറഞ്ഞതും കാരണമായി.
ഉപ്പേരിക്ക് കിലോക്ക് 320 രൂപ വരെയുള്ളപ്പോൾ കായ നട്ടു നനച്ചു പരിചരിച്ചു വളർത്തി വിളവെടുത്തു വിപണിയിലെത്തിക്കുന്ന കർഷകന് 20 രൂപ മാത്രമാണു ലഭിക്കുന്നത്. ഇതു കടകളിൽ ചില്ലറ വിൽപനക്ക് 30 രൂപ വരെയായി. ചിലയിടങ്ങളിൽ നാല് കിലോ കായ 100 രൂപ എന്നു ബോർഡ് വെച്ചു വിൽക്കുന്നതും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.