കണക്കുപുസ്തകത്തിൽ നഷ്ടം മാത്രം; കർഷകർ കാലി വളർത്തൽ ഉപേക്ഷിക്കുന്നു
text_fieldsഅടിമാലി: പശു വളർത്തലും പരിപാലനവും വലിയ നഷ്ടത്തിന് കാരണമായതോടെ കർഷകർ ക്ഷീരമേഖല കൈവിടുന്നു. ക്ഷീരവികസന വകുപ്പും മിൽമയും പ്രത്യേകം പാക്കേജുകൾ നടപ്പാക്കുന്നുണ്ടെങ്കിലും ഒരോ ദിവസവും മേഖലയിലെ കർഷകരുടെ എണ്ണം കുറയുകയാണ്.
പാൽ ലഭ്യത കുറഞ്ഞതിനാൽ പല ക്ഷീര സഹകരണ സംഘങ്ങളും അടച്ചു പൂട്ടി. ചിലത് പിടിച്ചു നിൽക്കാൻ സർക്കാർ അംഗീകാരമില്ലാതെ തന്നെ വില ഉയർത്തി വാങ്ങുകയും ചെയ്യുന്നു.
മിൽമ എറണാകുളം യൂനിയന് കീഴിൽ ജില്ലയിൽ 218 സംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രവർത്തിക്കുന്നത് 173 സംഘങ്ങൾ മാത്രമാണ്. ഒരു മാസത്തിനിടെ 12 സംഘങ്ങൾ അടച്ച് പൂട്ടി. രണ്ടു ലക്ഷം ലിറ്റർ പാലിന് മുകളിൽ ലഭ്യമായിരുന്ന ജില്ലയിൽ ഇപ്പോൾ 1. 5 ലക്ഷം ലിറ്റർ പാൽ മാത്രമാണ് അളക്കുന്നത്. ഉൽപാദന ചെലവ് വലിയ തോതിൽ വർധിച്ചതും സർക്കാർ അവഗണനയുമാണ് കർഷകർ ഈ മേഖലയോട് വിടപറയാൻ കാരണം. കാലിതീറ്റയുടെ വില ആറ് മാസമായി മാറ്റമില്ലാതെ തുടരുന്നെങ്കിലും ഇത് താങ്ങാൻ കർഷകർക്ക് കഴിയുന്നില്ല. 50 കിലോ ചാക്കിന് 1485 രൂപയാണ് കാലിതീറ്റ വില. കാലി തീറ്റക്ക് പുറമെ കടല-തേങ്ങ കൊപ്രയും കാൽസ്യവും വൈക്കോൽ ഉൾപ്പെടെ തീറ്റ കൂടി ആകുമ്പോൾ കർഷകന് ലിറ്റർ ഒന്നിന് 32 രൂപയിലേറെ ചെലവ് വരുന്നു. സഹകരണ സംഘങ്ങൾ വഴി അളന്ന് നൽകുന്ന പാലിന് ഫാറ്റ് , റീഡിങ് എന്നിവ പരിശോധിച്ച് പരമാവധി 39-42 രൂപ വരെയാണ് വില ലഭിക്കുക.
അകിട് വീക്കം പോലുള്ള രോഗങ്ങൾ പതിവാണ്. പുറമെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും ചികിത്സക്കും ചെലവ് വേറെ.കാലാവസ്ഥയും മറ്റ് കാരണങ്ങളാലും ഉൽപാദനം കുറയുന്നത് മറ്റൊരു പ്രശ്നം. അധ്വാനത്തിന് ലഭിക്കുന്ന നേട്ടം ഇല്ലെന്ന് മാത്രമല്ല പലപ്പോഴും നഷ്ടത്തിലുമാണ് കലാശിക്കുന്നത്. ഇതോടെ പശുക്കളെ വിറ്റ് ബാധ്യതയിൽ നിന്ന് ഒഴിവാകുന്ന പ്രവണത വർധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.