മോഷ്ടാക്കൾക്കും വന്യമൃഗങ്ങൾക്കുമിടയിൽ കർഷക ജീവിതം; തമ്മിൽ ഭേദം വന്യമൃഗങ്ങൾ
text_fieldsഅടിമാലി: സന്ധ്യയായാൽ വന്യമൃഗങ്ങളുടെ ശല്യം... രാത്രിയായാൽ മോഷ്ടാക്കളുടെ വിളയാട്ടം... വിളവെടുപ്പ് സമയത്ത് കൃഷി സംരക്ഷിക്കാൻ കർഷകർപെടുന്ന പാട് ചില്ലറയല്ല. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ കർഷകർഇപ്പോൾ ചെകുത്താനും കടലിനുമിടയിൽ എന്ന അവസ്ഥയിലാണ്.
എപ്പോൾ വേണമെങ്കിലും പതിഞ്ഞ കാലടികളുമായി വന്യമൃഗങ്ങൾ എത്താം. അതുകൊണ്ട് സന്ധ്യയായാൽ തോട്ടത്തിൽ അനക്കം കേട്ടാൽപോലും പുറത്തിറങ്ങാൻ കർഷകർക്ക് ഭയമാണ്. വന്യജീവി ശല്യം മറയാക്കി മൃഗങ്ങളേക്കാൾ പതിഞ്ഞ കാലടികളുമായാണ് മോഷ്ടാക്കളുടെ വരവ്. പാകമായ ഏലവും കുരുമുളകും കാപ്പിയും കൊക്കോയും അടക്കയുമെല്ലാം അപഹരിച്ച് മോഷ്ടാക്കൾ കടന്നുകളയുന്നു. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാലും എന്തെങ്കിലും ബാക്കിവെക്കും. മോഷ്ടാക്കൾക്ക് മൃഗങ്ങളുടെ മര്യാദപോലുമില്ലെന്ന് കർഷകർ പരിതപിക്കുന്നു. ഉണങ്ങാനിട്ടവപോലും മോഷ്ടിച്ച് കടന്നുകളയും ഇവർ.
ആൾസാന്നിധ്യമില്ലാത്ത തോട്ടങ്ങളുടെ വേലി പൊളിച്ചാണ് മോഷണം. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ ഇതിനകം നിരവധി പരാതി ഉയർന്നിട്ടുണ്ട്. ഏലത്തിനും കുരുമുളകിനും കാപ്പിക്കും കൊക്കോക്കുമൊക്കെ ഉയർന്ന വിലയായതിനാൽ ഏതാനും സമയത്തിനുള്ളിൽ നല്ലൊരു തുകയുടെ ഉൽപന്നം മോഷ്ടിക്കാനാവും. ഹൈറേഞ്ചിലെ പരിമിതമായ തെങ്ങുകളെപ്പോലും മോഷ്ടാക്കൾ വിടുന്നില്ല. പാഞ്ഞുകയറി നിമിഷങ്ങൾക്കകം തേങ്ങകൾ കവർന്ന് സ്ഥലംവിടുന്ന സംഘങ്ങളുമുണ്ട്. വെള്ളത്തൂവൽ സ്റ്റേഷൻ പരിധിയിലെ വീട്ടുമുറ്റത്ത് ഉണ്ടാക്കാനിട്ട മലഞ്ചരക്ക് സാധനങ്ങൾ മോഷ്ടിച്ചത് അടുത്തിടെയാണ്. രാജാക്കാട് സ്റ്റേഷൻ പരിധിയിലെ സ്റ്റോറിൽനിന്ന് ഏലക്ക മോഷണം നടത്തിയ സംഭവത്തിൽ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തോട്ടങ്ങളിൽനിന്നും ഏലക്ക മോഷണം പോകാറുണ്ടെന്നും കർഷകർ പറയുന്നു.
ബൈസൺവാലി പഞ്ചായത്ത് പരിധിയിലാണ് പച്ച ഏലക്ക മോഷണം കൂടുതലും. ഇവിടെ മൂപ്പെത്തുംമുമ്പേ വിള മോഷണം പോകുന്നു. മോഷണ സംഘത്തിൽ സ്ത്രീകളുമുണ്ടെന്നാണ് കർഷകർ പറയുന്നത്. ഏലത്തിന് കിലോക്ക് 2500 രൂപക്ക് മുകളിൽ വിലയുണ്ട്. കുരുമുളകിന് 670ഉം കൊക്കോക്ക് 750ഉം പച്ചക്കാപ്പി കിലോക്ക് 90 രൂപയും അടക്കക്ക് 50 രൂപയും വിലയുണ്ട്. തോട്ടങ്ങളിൽനിന്നു പറിച്ചെടുത്ത് ദൂരെയുള്ള കടകളിലെത്തിച്ചു വിറ്റാൽ ആരുമറിയില്ല. ചിലർ സ്വന്തം സ്ഥലത്തിന്റെ രേഖയുമായാണ് ഉൽപന്നം വിൽക്കാനെത്തുന്നത്. ഇവർക്കു കൃഷിയുണ്ടോ, ഉൽപന്നമുണ്ടോയെന്ന് ആര് അന്വേഷിക്കാൻ.
മോഷ്ടാക്കളുമായി താരതമ്യം ചെയ്യുമ്പോൾ വന്യമൃഗങ്ങളാണ് ഭേദമെന്ന് പറയുന്ന കർഷകർപോലുമുണ്ട്. മോഷണം ഭയന്ന് വിളകൾ നേരത്തേ പറിച്ചെടുക്കാൻ നിർബന്ധിതരാവുകയാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.