വേനല്‍ തീപിടിത്തം പതിവ്; ഓടിത്തളർന്ന് അഗ്നിരക്ഷാസേന
text_fieldsഅടിമാലി: വേനല്‍ കനത്തതോടെ തീപിടിത്തം പതിവായതിനെ തുടർന്ന് ഓടിത്തളര്‍ന്ന് അഗ്നിരക്ഷാസേന. അടിമാലി, മൂന്നാര്‍ മേഖലകളിലാണ് കാട്ടുതീ പതിവായത്. മൂന്നാറില്‍ കഴിഞ്ഞ ദിവസം വലിയതോതില്‍ തീപിടിത്തമുണ്ടായി. അഗ്നിരക്ഷാസേന എത്തിയിട്ടുപോലും തീ നിയന്ത്രണവിധേയമാക്കാനായില്ല.
അടിമാലി ടൗണിനോട് ചേര്‍ന്ന് തലമാലി, കുരങ്ങാട്ടി മലനിരകളിലും തീ പടര്‍ന്നു പിടിക്കുന്നുണ്ട്. റിസര്‍വ് വനത്തില്‍ തീ കയറാതെ വനാതിര്‍ത്തികളില്‍ തീയിട്ട് സംരക്ഷണ പ്രവര്‍ത്തനം നടത്താനായിരുന്നു വനംവകുപ്പിന്റെ തീരുമാനം.
എന്നാല്‍, കഴിഞ്ഞ വര്‍ഷം വാളറ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ ഫയര്‍ വാച്ചര്‍ നിയമനവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിൽ വനംവകുപ്പ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ നിരീക്ഷണം കാര്യക്ഷമമല്ലാതായതോടെ ഇക്കുറി പ്രവര്‍ത്തനം ഊർജിതമായില്ല. ഇത്തരത്തില്‍ ദേശീയപാതയില്‍ മൂന്നാംമൈല്‍ ഭാഗത്ത് തീയിട്ടത് വനം കത്തിയമരുന്നതിന് കാരണമായിരുന്നു.
നേരത്തേ ഫയര്‍ലൈന്‍ തെളിച്ചും ഫയർ വാച്ചർമാരെ നിയമിച്ചുമാണ് വനംവകുപ്പ് വനത്തില്‍ കാട്ടുതീ തടയാൻ നടപടി സ്വീകരിച്ചിരുന്നത്. എന്നാല്‍, ഈ പ്രവൃത്തിയും ഇക്കുറി ഉണ്ടായില്ല.
സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയും കാരണമാണ്. മുന്‍ വര്‍ഷങ്ങളിലെ വലിയ അഴിമതിമൂലം ഫണ്ട് നല്‍കാത്തതെന്ന ആക്ഷേപവും ഉണ്ട്. അടിമാലി, നേര്യമംഗലം, ദേവികുളം, മൂന്നാര്‍ റേഞ്ചുകളിലാണ് വലിയ തട്ടിപ്പ് അരങ്ങേറുന്നത്.
നേര്യമംഗലം റേഞ്ചില്‍ കഴിഞ്ഞ വര്‍ഷം ഫയര്‍ വാച്ചര്‍ നിയമന തട്ടിപ്പ് പുറത്ത് വരുകയും നാല് വനംവകുപ്പ് ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
വേനല്‍ച്ചൂട് കടുത്തത്തോടെ ജില്ലയുടെ മറ്റ് മേഖലയിലും തീപിടിത്തം പതിവായി. വേനലില്‍ കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിലും ഉണങ്ങിയ പുല്‍മേടിനു തീപിടിക്കുന്നത് പതിവാണ്. തീപിടിത്തം ഒഴിവാക്കാനും നാശനഷ്ടം കുറക്കാനും ഫയര്‍ ആന്‍ഡ് റസ്ക്യൂ ഫോഴ്സ് നല്കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ നാട്ടുകാര്‍ക്ക് നഷ്ടം കുറയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.