വനം വകുപ്പ് നിലപാട്; കുടിയേറ്റ കര്‍ഷകര്‍ ആശങ്കയിൽ
text_fieldsഅടിമാലി: പതിച്ച് നല്കിയ ഭൂമിയില്‍ വീണ്ടും അവകാശം സ്ഥാപിക്കാന്‍ വനംവകുപ്പ് നടത്തുന്ന നീക്കം കുടിയേറ്റ കര്‍ഷകരെ ആശങ്കയിലാക്കുന്നു. മാങ്കുളം, അടിമാലി പഞ്ചായത്തുകളിലെ കുടിയേറ്റ കര്‍ഷകരെയാണ് ആശങ്കയിലാക്കുന്നത്. 1977 ന് മുമ്പ് വനഭൂമിയില്‍ കുടിയേറിയ കര്‍ഷകര്‍ക്ക് സുപ്രീംകോടതി നിർദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ പട്ടയം നല്‍കിയിരുന്നു. 1993 ലെ പ്രത്യേക ചട്ടപ്രകാരമാണ് സര്‍ക്കാര്‍ പട്ടയം നല്‍കിയത്.
എന്നാൽ, മറ്റ് ഭൂവുടമകള്‍ക്ക് ഓണ്‍ലൈനില്‍ കരമടക്കാന്‍ സാധിക്കുമെങ്കിലും റിസര്‍വ് ഫോറസ്റ്റ് എന്ന് രേഖപ്പെടുത്തിയതിനാല്‍ വനഭൂമി പതിച്ച് കിട്ടിയ കര്‍ഷകര്‍ക്ക് ഓഫ് ലൈനായി വില്ലേജില്‍ നേരിട്ടെത്തി കരമടക്കണം. വനംവകുപ്പിന്റെ ഇടപെടലാണ് ഇതിന് കാരണം. കര്‍ഷകര്‍ക്ക് വനഭൂമി പതിച്ച് നല്കിയപ്പോള് വനവിസ്തൃതി കുറവ് ചെയ്ത് വനംവകുപ്പിന് നല്‍കിയിരുന്നില്ല. ഇതോടെ വനത്തേക്കാള്‍ കൂടുതല്‍ ഭൂമി വനംവകുപ്പിന്റെ അധീനതയില്‍ ഉളളതായി രേഖയില്‍ കാണുന്നു. ഇതിനാലാണ് മാങ്കുളത്ത് കണ്ണന് ദേവന് കമ്പനിയില്‍ നിന്ന് മിച്ചഭൂമിയായി തിരിച്ചിട്ട ഭൂമിയിലടക്കം അവകാശം സ്ഥാപിക്കാന്‍ വനംവകുപ്പ് ശ്രമം നടത്തുന്നത്. അടിമാലി പട്ടണം അടക്കം പ്രദേശം മലയാറ്റൂര്‍ റിസർവിന്റെ പരിധിയില്‍ വരുന്നതാണ്. മന്നാങ്കം വില്ലേജില്‍ സർവേ 50 മുതല്‍ 65 വരെ മലയാറ്റൂര്‍ റിസർവില്‍ വരുന്നു. ബ്ലോക്ക് നമ്പര്‍ നാല് പൂർണമായി മലയാറ്റൂര്‍ റിസർവിലാണ്.1993ല്‍ പട്ടയം നല്‍കിയതടക്കം തിരിച്ച് പിടിക്കണമെന്നാണ് ഇപ്പോള്‍ വനംവകുപ്പിന്റെ വാദം. ഇത് കാരണം ജില്ലയില്‍ നടന്ന പട്ടയമേളകളിലൊന്നും റിസര്‍വ് ഫോറസ്റ്റ് എന്ന് രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ പട്ടയം നല്‍കിയിട്ടില്ല. റവന്യു- വനം വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് നേരത്തെ പട്ടയം നല്‍കിയത്. അന്ന് പട്ടയം വാങ്ങാൻ കഴിയാത്തവര്‍ വീണ്ടും പട്ടയത്തിനായി അപേക്ഷ നല്കി കാത്തിരിക്കുന്നുണ്ടെങ്കിലും വനംവകുപ്പിന്റെ തടസ്സവാദം ഇവര്‍ക്ക് വിനയായിരിക്കുകയാണ്. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും ഓൺ ലൈനില്‍ കരമടക്കാന്‍ ആവശ്യമായ ഉത്തരവ് ഇറക്കുകയും ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം. വ്യാഴാഴ്ച കലക്ടറുടെ അധ്യക്ഷതയില്‍ ഇ.എസ്.എ സംബന്ധിച്ച് യോഗം നടന്നിരുന്നു. ജനവാസ മേഖലയും പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെട്ടത് സംബന്ധിച്ചാണ് യോഗം നടന്നത്. അഞ്ച് ദിവസത്തിനകം ഇത് സംബന്ധിച്ച് പഞ്ചായത്തുകള്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാനും നിർദേശിച്ചു. ഈ യോഗത്തിലാണ് മലയാറ്റൂര്‍ റിസര്‍വ്വ് സംബന്ധിച്ച് ചര്‍ച്ച നടന്നത്. കര്‍ഷകർക്ക് ദ്രോഹകരമായ വിധത്തിലേക്ക് പ്രശ്നം വളര്‍ന്ന് വന്നതായി ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.