കാട്ടാനകളെ തുരത്താൻ തൂക്കുവേലിയുമായി വനം വകുപ്പ്
text_fieldsഅടിമാലി: കാട്ടനശല്യം തടയാൻ ഉരുക്കുവടവും സൗരോര്‍ജ വേലികളും കിടങ്ങുകളും നിര്‍മിച്ച് പരാജയപ്പെട്ട വനംവകുപ്പ് പുതിയ പദ്ധതിയുമായി രംഗത്ത്. ശല്യം രൂക്ഷമായ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ തൂക്കുവേലി സ്ഥാപിക്കാനാണ് പദ്ധതി.
നിലമ്പൂര്‍ മേഖലയില്‍ സ്ഥാപിച്ചതിന്‍റെ ചുവടുപിടിച്ചാണ് ദേവികുളം റേഞ്ചില്‍ വനാതിര്‍ത്തി പങ്കിടുന്ന 20 കിലോമീറ്റര്‍ ചുറ്റളവില്‍ ഹാങിങ് ഫെന്‍സ് (തൂക്കുവേലി) സ്ഥാപിക്കാൻ വനംവകുപ്പ് ആലോചിക്കുന്നത്. ഇത് എത്രത്തോളം വിജയിക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. മാങ്കുളം ആനക്കുളത്താണ് സംസ്ഥാനത്ത് ആദ്യമായി ഉരുക്കുവടം പദ്ധതി നടപ്പാക്കിയത്. ആനകള്‍ക്ക് ദോഷകരമല്ലാത്തവിധം ഒരു വര്‍ഷത്തോളം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെങ്കിലും വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണി നടത്താതെ വന്നതാണ് തിരിച്ചടിയായത്. മരങ്ങള്‍ വീണും പ്രകൃതിക്ഷോഭങ്ങളിലുമാണ് കൂടുതലും തകര്‍ന്നത്. ഈ സാഹചര്യത്തില്‍ തൂക്കുവേലി എത്രത്തോളം പ്രയോജനകരമാകുമെന്നതാണ് നാട്ടുകാരുടെ ആശങ്ക.
മൂന്നാര്‍ ഡി.എഫ്.ഒ രാജു ഫ്രാന്‍സിസിന്‍റെ നിര്‍ദേശപ്രകാരം ആന ഗവേഷകന്‍ ഡോ. സുരേന്ദ്രവര്‍മ ചിന്നക്കനാല്‍ മേഖലയിലെത്തി പഠനം നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ നിര്‍ദേശങ്ങള്‍ വനംവകുപ്പിന്‍റെ പരിഗണനയിലുണ്ട്. എന്നാല്‍, ഇതിന്‍റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷമെങ്കിലും വേണ്ടിവരും. ഈ സാഹചര്യത്തിലാണ് കാട്ടാനശല്യം അടിയന്തരമായി പരിഹരിക്കാൻ വനാതിര്‍ത്തിയില്‍ തൂക്കുവേലി പരീക്ഷിക്കാൻ ഒരുങ്ങുന്നത്.
2002-03 കാലഘട്ടത്തില്‍ ചിന്നക്കനാലിലെ വനമേഖലയില്‍ ഭൂരഹിതരായ ആദിവാസി കുടുംബങ്ങളെ കുടിയിരുത്തിയതോടെയാണ് ഇവിടെയും സമീപ പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമായത്.
മൂന്നാര്‍ ഡി.എഫ്.ഒ ആയിരുന്ന പ്രകൃതി ശ്രീവാസ്തവയുടെ റിപ്പോര്‍ട്ട് അവഗണിച്ചാണ് ആനയിറങ്കല്‍ ജലാശയത്തോട് ചേര്‍ന്ന മേഖലകളില്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയത്. അന്നുമുതല്‍ ഇതുവരെ 41 പേർ ദേവികുളം റേഞ്ചിനുകീഴില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചു. എട്ട് മാസത്തിനിടെ ബോഡിമെട്ട് സെക്ഷന് കീഴില്‍ രണ്ടുപേരും ചിന്നക്കനാല്‍ സെക്ഷന് കീഴില്‍ ഒരാളും കൊല്ലപ്പെട്ടു. പ്രശ്‌നക്കാരായ ആനകളെ പിടിച്ച് കോടനാട് ആനസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയാല്‍ ഒരു പരിധിവരെ പരിഹാരമാകുമെന്നും ഇതിന് വനംവകുപ്പ് തയാറാകണമെന്നും പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.