മാലിന്യം നിറയുന്ന വനം ചോദിക്കാനും പറയാനും ആരുമില്ല
text_fieldsഅടിമാലി: മാലിന്യം നിറയുന്ന വനം. ആർക്കും എപ്പോഴും മാലിന്യം തള്ളാം. ആരും ചോദിക്കാനും പറയാനും വരില്ല. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വനത്തിലെ കാഴ്ചയാണിത്. പാത വനത്തിന്റെ മധ്യത്തിലൂടെയാണ് കടന്നുപോകുന്നത്. നേര്യമംഗലം പാലം മുതൽ വാളറക്കുത്ത് വരെ 15 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന വനമാണിത്. വിജനമായ ഇവിടെ മാലിന്യം തള്ളിയാൽ ആരും അറിയില്ല.
ഇരുളിന്റെ മറവിലാണ് കൂടുതലും തള്ളുന്നത്. കക്കൂസ് മാലിന്യം മുതൽ ഹോട്ടൽ മാലിന്യവും വീടുകളിലെ പഴകിയ സാധനങ്ങൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, പഴയ ചെരിപ്പുകൾ, കുടകൾ, പാത്രങ്ങൾ തുടങ്ങി ആർക്കും വേണ്ടാത്ത സാധനങ്ങളെല്ലാം വനം വഹിക്കേണ്ട സ്ഥിതിയാണ്. കോഴി, മീൻ കടകളിലെ അവശിഷ്ടങ്ങളും ഇടക്കിടെ റോഡിൽ കിടക്കുന്നതുകാണാം. മാലിന്യം നിറഞ്ഞതോടെ വനത്തിൽനിന്ന് ഉയരുന്നത് ദുർഗന്ധം മാത്രമാണ്.
ഈ വർഷം നിരവധി തവണയാണ് ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കക്കൗസ് മാലിന്യം തള്ളിയത്. നേരത്തേ വനപാലകർ ശക്തമായി നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, വ്യക്തികളെ ദ്രോഹിക്കലും കള്ളക്കേസുകളും ഇതിന്റെ മറവിൽ ഉണ്ടാവുകയും ചെയ്തതോടെ മുഖം നഷ്ടപ്പെട്ട വനപാലകർ ഇപ്പോൾ നടപടി സ്വീകരിക്കുന്നില്ല. ഇതോടെ ഈ വനമേഖല കുപ്പത്തൊട്ടിയായി മാറി. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ വനത്തിൽ കാമറകൾ സ്ഥാപിച്ചാൽ തീരാവുന്ന പ്രശ്നമാണെങ്കിലും നടപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.