ശാന്തൻപാറയിൽ വീടിനുനേരെ ഗുണ്ട ആക്രമണം
text_fieldsഅടിമാലി: ഭൂമി സംബന്ധിച്ച തർക്കത്തെ തുടർന്ന് ശാന്തൻപാറ പന്തടിക്കളത്ത് വയോധികയുടെ വീടിനുനേരെ ഗുണ്ടസംഘത്തിെൻറ ആക്രമണം.
വീടും വീട്ടുപകരണങ്ങളും തകർത്തു. 40 പവൻ സ്വർണവും മൂന്നുലക്ഷം രൂപയും കവർന്നതായും പരാതിയിൽ പറയുന്നു. ശാന്തൻപാറ പന്തടിക്കളം സ്വദേശിനി ജലീന മേരി ഗിൽബർട്ടിെൻറ വീടാണ് ആക്രമിച്ചത്. 15 അംഗ അക്രമിസംഘത്തിലെ നാലുപേരെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു.
രാജാക്കാട്, ശാന്തൻപാറ സ്വദേശികളായ ആദർശ് (35), ജോസഫ് (43), മോളേക്കുടി വിജയൻ (61), അടിമാലി പതിനാലാംമൈൽ സ്വദേശി ആഷിക് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ട് 3.30ഓടെയാണ് ആക്രമണം. വിജയെൻറ നേതൃത്വത്തിൽ എത്തിയ സംഘം ജലീനയുടെ വീട് ആക്രമിച്ചു. കട്ടിലും മേശയും അടുക്കള ഉപകരണങ്ങളും വാട്ടർ ടാങ്കും ഉൾപ്പെടെ സാധന സാമഗ്രികൾ അടിച്ചും കല്ലെറിഞ്ഞും തകർത്തു.
ജനാലകളും മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കും തകർക്കുകയും തുണി, പാചകവാതക സിലിണ്ടർ, ഗ്യാസ് സ്റ്റൗവ് തുടങ്ങിയവ നശിപ്പിക്കുകയും ചെയ്തു. ഏലക്ക വിറ്റ് കിട്ടിയ മൂന്നുലക്ഷം രൂപയും മകെൻറ ഭാര്യയുടെ 40 പവൻ സ്വർണാഭരണങ്ങളും കാണാതായി വയോധിക പൊലീസിനോട് പറഞ്ഞു. ആക്രമണം നടന്നപ്പോൾ ജലീനയും അഞ്ചുവയസ്സുള്ള പേരക്കുട്ടിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കുട്ടിയെയും എടുത്തുകൊണ്ട് ഇവർ ഓടി രക്ഷെപ്പട്ടു.
തുടർന്ന്, ഫോണിൽ ബന്ധുക്കളെ വിവരമറിയിച്ചു. ഭൂമിയെ ചൊല്ലിയും വഴിെയച്ചൊല്ലിയുമുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
രണ്ടുമാസം മുമ്പ് അറസ്റ്റിലായ വിജയനും ഗിൽബർട്ടും വഴിയുടെ പേരിൽ തർക്കത്തിലായിരുന്നു. മർദനത്തിൽ വിജയനും ഭാര്യക്കും പരിക്കേൽക്കുകയും ഇത് കേസാവുകയും ചെയ്തു. ഇതിെൻറ വൈരാഗ്യത്തിലാണ് സംഘടിത ആക്രമണമെന്ന് കരുതുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. മറ്റ് പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.