ഗോത്രസാരഥി പദ്ധതി അട്ടിമറിച്ചു;കുട്ടികളും രക്ഷിതാക്കളും റോഡിലിറങ്ങി
text_fieldsഅടിമാലി : ആദിവാസിക്കുട്ടികളെ സ്‌കൂളിലെത്തിക്കാനുള്ള ഗോത്രസാരഥി പദ്ധതി അട്ടിമറിച്ച മാങ്കുളം പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി കുട്ടികളും രക്ഷിതാക്കളും റോഡിലിറങ്ങിയതോടെ പരിഹാര നടപടിയുമായി പഞ്ചായത്ത്. മാങ്കുളം പഞ്ചായത്തിലെ താളുംകണ്ടം, വേലിയാംപാറ തുടങ്ങിയ ആദിവാസി കുടികളിലെ കുട്ടികളും രക്ഷിതാക്കളുമാണ് പഞ്ചായത്തിനെതിരെ പ്രതിഷേധിച്ചത്.
മാർച്ച് വരെ കുട്ടികളെ സ്കൂളിലെത്തിക്കാൻ വാഹനം ഏർപ്പാടാക്കി നൽകിയതായി പ്രസിഡന്‍റ് വിനീത അറിയിച്ചു. വിഷയം ‘മാധ്യമം’ ചൊവ്വാഴ്ച റിേപ്പാർട്ട് ചെയ്തിരുന്നു. തുടർന്നാണ് സമരവുമായി കുട്ടികളും രക്ഷിതാക്കളും രംഗത്തിറങ്ങിയത്.കോവിഡിന് മുമ്പ് വരെ സ്കൂള്‍ ഏർപ്പെടുത്തിയിരുന്ന യാത്രാസൗകര്യത്തിന്‍റെ ചെലവ് ഗോത്രസാരഥി പദ്ധതിയിലൂടെ ലഭിച്ചിരുന്നു. എന്നാൽ കോവിഡിന് ശേഷം കാര്യങ്ങൾ മാറിമറിഞ്ഞു.
പട്ടികവർഗ വകുപ്പിൽനിന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഗോത്രസാരഥി പദ്ധതിയുടെ ചുമതല കൈമാറിയതിനെത്തുടർന്ന് പലവിധ കാരണങ്ങൾ പറഞ്ഞ് മാങ്കുളം ഗ്രാമപഞ്ചായത്തിൽനിന്ന് സ്‌കൂളിന് ഗോത്രസാരഥി ഫണ്ട് നൽകിയില്ല. 10 മാസത്തോളം വാഹനത്തിൽ സ്കൂൾ അധികൃതർ കുട്ടികളെ സ്കൂളിലെത്തിച്ചു. ഇത് വലിയ ബാധ്യതയായതോടെ വാഹനം നിർത്തുകയാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ഇതോടെ ആശങ്കയിലായ കുട്ടികളും രക്ഷിതാക്കളും ചൊവ്വാഴ്ച രാവിലെയാണ് റോഡിൽ നിരന്ന് പ്രതിഷേധിച്ചത്.2021 നവംബറിൽ സ്കൂള്‍ തുറന്നത് മുതൽ 2022 ഡിസംബർ വരെ കുടിശ്ശിക ലഭിക്കാനുണ്ട്.ആകെ സ്‌കൂളിന് ലഭിച്ചത് പട്ടികവർഗ വകുപ്പ് നൽകിയ 2022 ജൂൺ, ജൂലൈ മാസങ്ങളിലെ തുക മാത്രമാണ്.ബാക്കി തുക ഗ്രാമപഞ്ചായത്താണ് നൽകേണ്ടത്. എന്നാൽ, ഇതുവരെ ഫണ്ട് ലഭിച്ചിട്ടില്ല. ഫണ്ട് വരുന്ന മുറക്ക് കുടിശ്ശികയും പഞ്ചായത്ത് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.