കരിഞ്ഞുണങ്ങി ഏലച്ചെടികള്‍; കണ്ണീരണിഞ്ഞ് കര്‍ഷകര്‍
text_fieldsഅടിമാലി: വേനല്‍ കടുത്തതോടെ ഇടുക്കിയില്‍ ഏലച്ചെടികൾ കരിഞ്ഞുണങ്ങുന്നു. വിലയിടിവില്‍ നട്ടം തിരിഞ്ഞ കര്‍ഷകര്‍ക്ക് പെെട്ടന്നുണ്ടായ കൃഷി നാശം ഇരുട്ടടിയായി.
നെടുങ്കണ്ടം, ഉടുമ്പന്‍ചോല, രാജാക്കാട്, പാമ്പാടുംപാറ, രാജകുമാരി, ശാന്തന്‍പാറ, ബൈസണ്‍വാലി മേഖലകളിലാണ് കൃഷിനാശം വ്യാപകം. ഉടുമ്പന്‍ചോലയില്‍ മാത്രം ഹെക്ടര്‍ കണക്കിന് തോട്ടമാണ് വേനല്‍ ചൂടില്‍ കരിഞ്ഞുണങ്ങുന്നത്.
മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി അതിവേഗമാണ് ഏലച്ചെടികളുടെ നാശം. ബാങ്ക് വായ്പയെടുത്തും പലിശക്ക് വാങ്ങിയും കൃഷിക്കായി ലക്ഷങ്ങള്‍ മുടക്കിയ കര്‍ഷകരുടെ ജീവിതം ഇതോടെ പ്രതിസന്ധിയിലായി.
ചെറുകിടക്കാര്‍ മുതല്‍ വന്‍കിടക്കാര്‍വരെ ഈ കൃഷിയെ ആശ്രയിച്ചുകഴിയുന്നു. പത്ത് ചുവട് ചെടിയെങ്കിലും ഇല്ലാത്ത വീട് മലയോര മേഖലയില്‍ ഇല്ലെന്ന് പറയാം. വന്‍കിട തോട്ടങ്ങളില്‍ പണിയെടുത്ത് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് പേര് വേറെയുമുണ്ട്.
രണ്ട് പ്രളയത്തില്‍ നൂറുകണക്കിന് ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചിരുന്നു. ഇവയെ അതിജീവിച്ചതും വീണ്ടും കൃഷി നടത്തിയവയുമാണ് ചൂട് താങ്ങാനാകാതെ കരിഞ്ഞുണങ്ങുന്നത്.
ഇലകളും തണ്ടും വാടിക്കരിയുന്നതിനൊപ്പം ശരങ്ങളും ഉണങ്ങിപ്പോകുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ ഒരു വരുമാനവും ലഭിക്കാത്ത സ്ഥിതിയുണ്ടാകും. പുഴകളും തോടുകളും കുളങ്ങളും ഉള്‍പ്പെടെ വറ്റിയതിനാല്‍ നനക്കാൻ വെള്ളമില്ല.
പതിനായിരങ്ങള്‍ മുടക്കി സ്ഥാപിച്ച ഡ്രിപ് ഇറിഗേഷന്‍ ഉള്‍പ്പെടെ ജലസേചന സംവിധാനങ്ങള്പോലും പാഴായി. വന്‍ തുക മുടക്കി തണല്‍ വലകള്‍ വാങ്ങി വലിച്ചുകെട്ടിയിട്ടും ചൂടിനെ തടുക്കാന്‍ കഴിയുന്നില്ല. സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ചൂടിനെ അതിജീവിച്ച ചെടികളില്‍ കീടങ്ങള്‍ കൂട്ടത്തോടെ ചേക്കേറുന്നതും കുമിള്‍ ബാധയും സ്ഥിതി ഗുരുതരമാക്കുന്നു. ഉണക്ക് ബാധിച്ച് നശിച്ച ചെടികള്‍ ചുവടെ പിഴുതുമാറ്റി നിലമൊരുക്കി കാലവര്‍ഷാരംഭത്തില്‍ പുതിയ കൃഷിയിറക്കുക മാത്രമാണ് കര്‍ഷകര്‍ക്ക് മുന്നിലുള്ള മാര്‍ഗം.
എന്നാല്‍, ഇതിെൻറ ചെലവ് മിക്കവര്‍ക്കും താങ്ങാന്‍ പറ്റുന്നതല്ല. കാലാവസ്ഥ അനുകൂലമായാൽപോലും റീ പ്ലാൻറ്് ചെയ്തവയില്‍നിന്ന് വിളവുലഭിക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെങ്കിലും വേണ്ടിവരുമെന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.