ഭീതിയുടെ ചിന്നംവിളി; വനാതിർത്തികളിൽ നാശംവിതച്ച് വീണ്ടും കാട്ടാനക്കൂട്ടങ്ങൾ
text_fieldsഅടിമാലി: ആനകൾക്ക് വനത്തേക്കാൾ സുരക്ഷിത കേന്ദ്രങ്ങളായി വനാതിർത്തി മേഖലയിലെ ജനവാസ കേന്ദ്രങ്ങൾ മാറുന്ന കാഴ്ചയാണിപ്പോൾ. ഇതോടെ വനാതിർത്തിയിൽ ജനജീവിതം ദുഷ്കരമായി. അടിമാലി, മൂന്നാർ, മാങ്കുളം, മറയൂർ, ചിന്നക്കനാൽ, ശാന്തൻപാറ, രാജകുമാരി, ഇടമലക്കുടി, ദേവികുളം പഞ്ചായത്ത് പരിധികളിലാണ് കാട്ടാനകൾ വ്യാപക നാശം വിതക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ച് ജീവനുകൾ കാട്ടാനകൾ എടുത്തു. 1000 ഹെക്ടറിലേറെ കൃഷി നശിപ്പിച്ചു.
വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും നേരെ കാട്ടാന ആക്രമണം തുടരുകയാണ്. വീട്ടുമുറ്റംവരെ കാട്ടാനകൾ മേഞ്ഞുനടക്കുന്ന സാഹചര്യമാണ്.
നേരത്തേ കാട്ടാന ശല്യം കൂടുമ്പോൾ കുങ്കിയാനകളെ കൊണ്ടുവന്നും കൂടുതൽ പ്രശ്നമുള്ള കാട്ടാനകളെ പിടിച്ച് നാടുകടത്തുകയും ചെയ്തിരുന്നവർ ഇപ്പോൾ യാത്രാ നിയന്ത്രണം ഉൾപ്പെടെ ഉത്തരവുകൾ ഇറക്കി അധികൃതർ അനങ്ങാതിരിക്കുകയാണ്.
ഇതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരമടക്കം നടക്കുന്നു. കാഞ്ഞിരവേലിയിൽ കാട്ടാന വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം എല്ലാ ദിവസവും പ്രദേശത്ത് കാട്ടാനകൾ എത്തുന്നുണ്ട്. ഇവിടെ കുട്ടികളെ സ്കൂളിൽ എത്തിക്കാൻ സംഘടിതമായാണ് രക്ഷിതാക്കൾ രാവിലെയും വൈകീട്ടും ഇറങ്ങുന്നത്. പകലുപോലും ഇറങ്ങുന്ന കാട്ടാനകൾ നാശംവിതച്ചാണ് മടങ്ങുന്നത്. മാങ്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാനകൾ വലിയ നാശമാണ് വരുത്തുന്നത്.
വനം വകുപ്പ് സ്ഥാപിച്ച വൈദ്യുതി ഉരുക്കുവടം പദ്ധതികളെല്ലാം തകർന്ന അവസ്ഥയിലാണ്. ശനിയാഴ്ച 10ഓളം കർഷകരുടെ വിളകൾ നശിപ്പിച്ച ശേഷമാണ് കാട്ടാനകൾ മടങ്ങിയത്. ആഴ്ചകളായി മൂന്നാർ പഞ്ചായത്തിന്റെ വനാതിർത്തിയിലെ താമസക്കാർ ഉറങ്ങാതായിട്ട്. കാട്ടാനക്കൂട്ടം എപ്പോൾ, എവിടെ എത്തി നാശം വിതക്കുമെന്നു പറയാൻ പറ്റാത്ത സ്ഥിതിയാണെന്നു താമസക്കാർ പറയുന്നു.
സംയുക്ത കർഷകസമിതി പ്രതിഷേധം നാളെ
തൊടുപുഴ: വന്യജീവികളുടെ ആക്രമണം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കർഷകസമിതി തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും. ജില്ലയിൽ മൂന്നാർ പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് സംയുക്ത കർഷകസമിതി ജില്ല ചെയർമാൻ മാത്യു വർഗീസും കൺവീനർ റോമിയോ സെബാസ്റ്റ്യനും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 11ന് എം.എം. മണി എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്യും. 1972ലെ കേന്ദ്ര സർക്കാറിന്റെ വന്യജീവി സംരക്ഷണ നിയമമാണ് പ്രശ്നങ്ങളുടെ മൂലകാരണം. നിയമം കർശനമായി നടപ്പാക്കാൻ 2011ലെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രിയായ ജയറാം രമേശ് കൊണ്ടുവന്ന ഭേദഗതിയും 2022ൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഭേദഗതിയും നിയമം കൂടുതൽ കർക്കശമാക്കി. രാഹുൽ ഗാന്ധിയും ഡീൻ കുര്യാക്കോസുമടക്കമുള്ളവർ 2022ൽ വന്ന ചട്ടഭേദഗതിയെക്കുറിച്ച് മിണ്ടിയിട്ടില്ല.
നിയമത്തിൽ ഒരു ഭേദഗതിയും കൊണ്ടുവരാൻ തയാറല്ലെന്നാണ് കേന്ദ്രം വനംമന്ത്രി വയനാട്ടിൽ വന്നപ്പോഴും പറഞ്ഞത്. വന്യമൃഗശല്യം പരിഹരിക്കാൻ സംസ്ഥാന സർക്കാർ രണ്ടുവർഷം മുമ്പ് 650 കോടിയുടെ പദ്ധതി തയാറാക്കി കേന്ദ്ര സർക്കാറിനു സമർപ്പിച്ചിരുന്നു. വാർത്ത സമ്മേളനത്തിൽ വിവിധ സംഘടന നേതാക്കളായ പി.പി. ചന്ദ്രൻ, കുര്യാച്ചൻ പൊന്നാമറ്റം എന്നിവർ പങ്കെടുത്തു.
വന്യമൃഗ ശല്യം: 48 മണിക്കൂർ ഉപവാസം തുടങ്ങി
അടിമാലി: രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കെ.സി.വൈ.എം ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ അടിമാലിയിൽ 48 മണിക്കൂർ ഉപവാസ സമരം തുടങ്ങി. തിങ്കളാഴ്ച സമാപിക്കും. വികാരി ജനറൽ ഫാ. മോൺ ജോസ് പാച്ചിക്കൽ ഉദ്ഘാടനം ചെയ്തു.
രൂപത ജനറൽ സെക്രട്ടറി സാം സണ്ണി അധ്യക്ഷത വഹിച്ചു. മെർലിൻ മരിയ ജോർജ് സ്വാഗതം പറഞ്ഞു. ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപടവിൽ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ശാലിൻ സമരഭടന്മാരെ ആദരിച്ചു. അഡ്വ. സാം സണ്ണി, ഡിബിൻ ഡൊമിനിക്, സിസ്റ്റർ ലിന്റ, ആൽബി ബെന്നി, അമല ആന്റണി എന്നിവർ സംസാരിച്ചു. ഭരണകൂടം നിഷ്ക്രിയമായതാണ് വന്യമൃഗങ്ങൾ നാട്ടിൽ വിലസാൻ കാരണമെന്നും സമരക്കാർ പറഞ്ഞു. വിഷയത്തിൽ സർക്കാർ പരാജയമാണ്. കൂടുതൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് രാത്രിയാത്ര നിരോധനമെന്നും സമരക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.