ഹൈറേഞ്ചില്‍ റോഡ് യാത്ര ദുരിതം; നടപടിയെടുക്കാതെ അധികൃതര്‍
text_fieldsഅടിമാലി: തകര്‍ന്നു തരിപ്പണമായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും റോഡുകള്‍ നന്നാക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. അടിമാലി, കൊന്നത്തടി, രാജാക്കാട്, ബൈസണ്‍വാലി, ശാന്തന്‍പാറ, മാങ്കുളം, മൂന്നാര്‍, സേനാപതി പഞ്ചായത്തുകളിലായി 50ലേറെ റോഡുകളാണ് തകർന്നുകിടക്കുന്നത്.
പീച്ചാട്-പ്ലാമല, മാങ്കുളം ആറാംമൈല്‍, മെഴുകുംചാല്‍-ഇരുന്നൂറേക്കര്‍, വിരിപാറ-മൂന്നാര്‍, ചേരിയാര്‍-വളളികുന്ന്, ചിന്നക്കനാല്‍-പവര്‍ഹൗസ് തുടങ്ങി തകര്‍ന്നുകിടക്കുന്ന റോഡുകളുടെ കണക്കെടുത്താല്‍ തീരാത്തത്രയുമുണ്ട്. പലയിടത്തും വലിയ കുണ്ടുംകുഴിയും നടുവൊടിക്കുന്ന യാത്രകളാണ് യാത്രകാര്‍ക്ക് സമ്മാനിക്കുന്നത്.
ദിവസേന ഒട്ടേറെ യാത്രക്കാര്‍ കടന്നുപോകുന്ന റോഡുകള്‍ നന്നാക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. തകര്‍ന്ന റോഡുകളിലൂടെ യാത്ര ഏറെ സാഹസികണ്. 2018ലെ കാലവര്‍ഷത്തില്‍ തകര്‍ന്ന മാങ്കുളം പഞ്ചായത്തിലെ ആറാംമൈല്‍ റോഡ് നവീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
കുഴികളേറെ രൂപപ്പെട്ട റോഡില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്. റോഡില്‍ തകരാത്ത ഒരിടം പോലുമില്ല. അടിമാലി പഞ്ചായത്തിലെ ജനവാസ മേഖലയിലൂടെയും കൊച്ചി-ധനുഷ്കോടി ദേശീയപാതക്ക് സമാന്തരവുമായ ഇരുന്നൂറേക്കര്‍ മെഴുകുംചാല്‍ റോഡില്‍ തകരാത്ത സ്ഥലങ്ങളില്ല.
പലയിടങ്ങളും വെളളക്കെട്ടുകള്‍ നിറഞ്ഞ ഈ പാതയില്‍ മച്ചിപ്ലാവ് ഫ്ലാറ്റ് മേഖലയില്‍ ഒന്നര കിലോമീറ്ററിലധികം ദൂരത്ത് വിവിധയിടങ്ങളില്‍ റോഡിന്റെ ഫില്ലിങ് സൈഡില്‍ വിവിധയിടങ്ങളില്‍ കല്കെട്ടുകള് ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലാണ്.
സ്കൂള്‍ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ധാരാളം ഓടുന്ന ഈ ഭാഗങ്ങളില്‍ അപകടം വിളിപ്പാടകലെയാണ്. വിവരം നാട്ടുകാര്‍ അധികൃതരെ അറിയിച്ചെങ്കിലും നടപടി മാത്രം ഉണ്ടാകുന്നില്ല. മഴ പെയ്യാന്‍ യതുടങ്ങിയതോടെ റോഡാകെ ചെളിക്കുളമായി. 500 ലധികം കുടുംബങ്ങള്‍ റോഡിന് ഇരുവശങ്ങളിലുമായി താമസിക്കുന്നുമുണ്ട്. വിരിപാറ-മൂന്നാര്‍ റോഡിന്റെ അവസ്ഥയും ഗുരതരമാണ്.
ലഷ്മി എസ്റ്റേറ്റിന് സമീപം കലുങ്ക് ഇടിഞ്ഞ് റോഡ് എത് നിമിഷവും തകരാവുന്ന നിലയിലാണ്. ഇതു സംബന്ധിച്ച് കെ.എസ്.ആര്.ടി അധികൃതര്‍ പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. വിനോദ സഞ്ചാരികള്‍ കൂടുതലായി ആശ്രയിക്കുന്ന ഈ റോഡില്‍ സഞ്ചാരികളുടെ വാഹനങ്ങള്‍ കുടുങ്ങുന്നതും പതിവാണ്. റോഡ് പൂര്‍ണമായി തകര്‍ന്നതോടെ നാട്ടുകാരുടെ യാത്രാദുരിതം രൂക്ഷമായി.
ഓട്ടോപോലും ഇതുവഴി വരാന്‍ മടിക്കുകയാണ്. വരുന്ന ഓട്ടോക്കാര് ഇരട്ടിയലധികം കൂലിയാണ് ഈടാക്കുന്നത്. പിച്ചാട്-പ്ലാമല റോഡിലും ഇതേ അവസ്ഥ തന്നെയാണ്. റോഡ് പൂര്‍ണമായി കാണാത്ത വിധത്തില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇതുവഴിയുള്ള യാത്ര നടുവൊടിക്കുന്നതുമാണ്. ഈ ദുരിതത്തിന് എത്രയും വേഗത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.