തീപിടിത്ത ഭീതിയിൽ മലയോര ഗ്രാമങ്ങൾ
text_fieldsഅടിമാലി: വേനലിൽ നാട് ചുട്ടുപൊള്ളുമ്പോൾ തീപിടിത്ത ഭീതിയിൽ മലയോര ഗ്രാമങ്ങൾ. പരിമിതമായ ഗതാഗത സൗകര്യങ്ങളുള്ള ഹൈറേഞ്ചിലെ പലയിടങ്ങളിലും ഇപ്പോൾ കാട്ടുതീ പടർന്ന് പിടിക്കുന്നുണ്ട്. പലയിടത്തും എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ് അഗ്നിരക്ഷാസേന. മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് ഇപ്പോഴാണ്. മുൻ വർഷങ്ങളിൽ മലയോര ഗ്രാമങ്ങളിലെ ഹെക്ടർ കണക്കിന് പ്രദേശങ്ങൾ കത്തിനശിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളായ ചിന്നക്കനാൽ, മാങ്കുളം പാർവതി മല, മറയൂർ, കാന്തലൂർ, വട്ടവട, അടിമാലി, കൊന്നത്തടി മേഖലയിൽ തീപിടിത്തം പതിവാണ്. പലയിടത്തും അത്യപൂർവ ഔഷധസസ്യങ്ങളും വന്യജീവികളും അഗ്നിക്കിരയായിരുന്നു. ഏക്കറുകണക്കിന് സ്ഥലത്തെ കൃഷികൾ നശിച്ചിട്ടുണ്ട്. ഒരുമാസത്തിനിടെ മലയോരത്ത് നിരവധി സ്ഥലങ്ങളിൽ തീപിടുത്തമുണ്ടായി.
വനാതിർത്തിയോട് ചേർന്ന സ്ഥലങ്ങളിലെയും തീപിടിത്ത സാധ്യതയുള്ള സ്ഥലങ്ങളിലേയും കാട് വെട്ടിത്തെളിയിക്കാത്തതും തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാമുൻകരുതൽ സ്വീകരിക്കുകയും വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു. മലയോര മേഖലകളിലെ തീപിടിത്തം തടയാൻ അഗ്നിരക്ഷാസേനക്കും സാധിക്കാറില്ല. ഉൾഗ്രാമങ്ങളിൽ തീപിടിത്തമുണ്ടായാൽ അടിമാലി, മൂന്നാർ, നെടുങ്കണ്ടം, ഇടുക്കി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേന എത്തണമെങ്കിൽ ഏറെ സമയമെടുക്കും. ദുരന്തങ്ങൾ കഴിഞ്ഞ ശേഷമാണ് പലപ്പോഴും അഗ്നിരക്ഷാസേന അതിർത്തി ഗ്രാമങ്ങളിലെത്താറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.