കരിഞ്ഞുണങ്ങി പുൽമേടുകൾ; കാട്ടുതീ ഭീതിയിൽ ഇടുക്കിയിലെ മലയോരം
text_fieldsഅടിമാലി: വേനൽ കനത്തതോടെ മലയോരം കാട്ടുതീ ഭീഷണിയിൽ. കാടും പുൽമേടുകളുമൊക്കെ കരിഞ്ഞുണങ്ങി പലയിടങ്ങളിലും തീപടർന്ന് തുടങ്ങി. കഴിഞ്ഞദിവസം അടിമാലി തലമാലി മേഖലയിൽ കാട്ടുതീ പടർന്നുപിടിച്ചിരുന്നു. ഇക്കുറി വേനൽമഴ ലഭിക്കാതെവന്നതാണ് പുൽമേടുകൾ വേഗത്തിൽ ഉണങ്ങാൻ കാരണമെന്നാണ് വിലയിരുത്തൽ.
വനവും കൃഷിയിടങ്ങളും സംരക്ഷിക്കാൻ നേരത്തേ വനംവകുപ്പ് വിപുലമായ പല പദ്ധതികളും വേനൽ കടുക്കുന്നതിന് മുമ്പ് സ്വീകരിക്കുമായിരുന്നു. കാടുകളുടെ അതിർത്തിയിൽ ഫയർലൈൻ തീർക്കുക, ഫയർ വാച്ചർമാരെ നിയമിക്കുക തുടങ്ങിയവയായിരുന്നു ആദ്യ പ്രവർത്തനങ്ങൾ. കാട്ടുതീ എല്ലാ വർഷവും വലിയ നാശം വിതക്കുന്ന നേര്യമംഗലം, അടിമാലി, മറയൂർ, കാന്തലൂർ, മാങ്കുളം, ആനകുളം, ദേവികുളം റേഞ്ചുകളിലാണ് കൂടുതൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
എന്നാൽ, ഇക്കുറി കാര്യമായ ഒരു പ്രവർത്തനവും ഈ റേഞ്ചുകളിൽ നടത്തിയിട്ടില്ല. ചന്ദനമരങ്ങൾ നിറഞ്ഞ മറയൂരിലും ചിന്നാർ വന്യജീവി സങ്കേതങ്ങളുമാണ് എല്ലാ വർഷവും തീപടരുന്ന പ്രധാന സ്ഥലങ്ങൾ. കാട്ടുതീ പ്രതിരോധത്തിന് വലിയ പ്രാധാന്യമുള്ള ഇവിടെ ഇതുവരെ മുന്നൊരുക്കം ആരംഭിച്ചിട്ടില്ല. മുൻ വർഷങ്ങളിലുണ്ടായ കാട്ടുതീ അപകടങ്ങളിൽ കോടികളുടെ ചന്ദനം അഗ്നിക്കിരയായിരുന്നു. തീ പടർന്നാൽ അണക്കാൻ പ്രയാസമുള്ള മാങ്കുളം റേഞ്ചിലും മുന്നൊരുക്കം നടത്തിയിട്ടില്ല.
മുൻ വർഷങ്ങളിൽ പാർവതി മലയിൽ തീപടർന്നിട്ട് മാസത്തിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിയന്ത്രിച്ചത്. ധാരാളം പക്ഷിമൃഗാദികൾ വെന്തുമരിച്ച തീപിടിത്തങ്ങളുണ്ടായ ഇവിടെ ലാഘവത്തോടെയാണ് വനംവകുപ്പ് പ്രവർത്തിക്കുന്നത്. കൊന്നത്തടി, അടിമാലി, വെള്ളത്തൂവൽ, രാജാക്കാട്, വട്ടവട പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ എല്ലാ വർഷവും കാട്ടുതീ പടരുന്നത് പതിവാണ്. കർഷകർക്ക് വലിയ നഷ്ടമുണ്ടാകുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലും ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.