ഉയർന്ന വിലയിലും പ്രതീക്ഷയറ്റ് കർഷകർ; കുരുമുളക് കൃഷിക്ക് കഷ്ടകാലം
text_fieldsഅടിമാലി: കുരുമുളകിന് വില മെച്ചപ്പെട്ടെങ്കിലും ഉൽപാദനത്തിലെ കുറവ് കർഷകർക്ക് തിരിച്ചടിയാകുന്നു. കുരുമുളക് കൊടികൾക്ക് വ്യാപകമായുണ്ടായ ദ്രുതവാട്ടവും മഞ്ഞളിപ്പുമാണ് ഉൽപാദനം കുറയാൻ കാരണം. കഴിഞ്ഞമാസം വില വളരെ കുറവായിരുന്നെങ്കിലും ഇപ്പോൾ വില മെച്ചപ്പെട്ടുവരുന്നുണ്ട്.
പക്ഷേ, കൊടികൾക്ക് ബാധിച്ച കേട് കാരണം ഫലമില്ലാതായി. കാലാവസ്ഥയിൽ വന്ന മാറ്റമാണ് കുരുമുളക് ചെടിക്ക് കേട് ബാധിക്കാൻ കാരണമെന്ന് കർഷകർ പറയുന്നു. കുരുമുളക് പകുതി മൂപ്പാകുന്നതിന് മുമ്പേ ഇലകളും തണ്ടുകളും ഉണങ്ങി വള്ളികൾ അടർന്ന് താഴേക്ക് പതിക്കുകയാണ്. മുൻ വർഷങ്ങളിൽ രണ്ടര ടൺ വരെ കുരുമുളക് കിട്ടിയ സ്ഥാനത്ത് ഈവർഷം 500 കിലോ പോലും കിട്ടുന്ന ലക്ഷണമില്ല.
കാട്ടുമൃഗങ്ങളുടെ ശല്യം, ഉരുൾപൊട്ടൽ ഭീഷണി തുടങ്ങി എല്ലാ പ്രതികൂല സാഹചര്യങ്ങളും അതിജീവിച്ചാണ് മലയോരത്തെ കൃഷി. കുരുമുളകിൽനിന്നുള്ള ആദായം പ്രതീക്ഷിച്ചുകഴിയുന്ന ഒട്ടേറെ കർഷകരുണ്ട്. സീസൺ സമയത്ത് വിലയിടിയുന്നതാണ് കർഷകരുടെ മറ്റൊരു പ്രതിസന്ധി.
ഗുണമേന്മ കുറഞ്ഞ കുരുമുളക് ഇറക്കുമതി ചെയ്ത് ഇവിടത്തെ മുളകിന്റെ കൂടെ കലർത്തി വിപണനം നടത്തുന്നതും വില ഇടിവിന് കാരണമാകുന്നുണ്ടെന്നാണു പരാതി. കൂലിച്ചെലവും കൂടുകയാണ്. മെച്ചപ്പെട്ട വില കിട്ടിയാൽ മാത്രമേ മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂവെന്ന് കർഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.