രേഖയിലുണ്ട്, ഭൂമി കാഴ്ചയിലില്ല
text_fieldsഅടിമാലി: ‘സ്വന്തമായി ഭൂമിയുണ്ടോ...? ഉണ്ട്. ഭൂമിയില്ലേ ...? ഇല്ല. സൂചിമുനയിൽ എന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടുമില്ലാതെ ഭൂരഹിതരായി നട്ടംതിരിയുകയാണ് മാങ്കുളത്തെ നൂറുകണക്കിന് മനുഷ്യർ. കാൽ നൂറ്റാണ്ട് മുമ്പ് ഇവർക്ക് ഭൂമി നൽകിയതായാണ് റവന്യൂ വകുപ്പ് പറയുന്നത്. പക്ഷേ, അതിന് വല്ല രേഖയുമുണ്ടോ എന്നുചോദിച്ചാൽ ‘വിയറ്റ്നാം കോളനി’ സിനിമയിൽ ശങ്കരാടി കൈവിടർത്തി കാണിച്ചപോലെ രേഖയേ ഉള്ളു. ഭൂമി കണക്കിൽ മാത്രം, കാര്യത്തിലില്ല. കണ്ണൻ ദേവൻ (ടാറ്റാ ടീ) കമ്പനിയിൽ നിന്ന് മിച്ചഭൂമിയായി മാറ്റിയിട്ട മാങ്കുളത്താണ് തങ്ങൾക്ക് നൽകിയെന്ന് പറയപ്പെടുന്ന ഭൂമി കണ്ടുപിടിക്കാനും പേരിലാക്കാനുമായി ഭൂരഹിതർ ഇപ്പോഴും സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നത്.
നിരവധി നടപടികൾക്കും പരിശോധനകൾക്കും ഒടുവിൽ 25 വർഷം മുമ്പാണ് ദേവികുളം താലൂക്കിലെ വിവിധയിടങ്ങളിൽ ഭൂമിയില്ലാത്ത 1016 കർഷകർക്ക് മാങ്കുളത്ത് മിച്ചഭൂമി അനുവദിച്ചത്. ഒരാൾക്ക് 1.25 ഏക്കർ സ്ഥലം നൽകാനായിരുന്നു സർക്കാർ തീരുമാനം. 1999ൽ അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന കെ.ഇ. ഇസ്മയിൽ നേരിട്ട് മാങ്കുളത്തെത്തി മിച്ചഭൂമി നൽകുന്നതിന്റെ തുടക്കം എന്ന നിലയിൽ മഹാസമ്മേളനത്തിൽ 11 പേർക്ക് പട്ടയം കൈമാറി. ശേഷം റവന്യൂ വകുപ്പ് 300ലേറെ പേർക്ക് അസൈൻമെന്റ് ലെറ്റർ നൽകി ഭൂമി കാണിച്ചുകൊടുത്തു. എന്നാൽ, അളന്ന് നൽകിയില്ല. പലഘട്ടങ്ങളിലായി 800ഓളം പേർക്ക് ഭൂമി കാണിച്ച് നൽകിയെങ്കിലും വനം വകുപ്പും വിവിധ പരിസ്ഥിതി സംഘടനകളും കോടതി ഇടപെടലുമൊക്കെയായി മിച്ചഭൂമി വിതരണം തടസ്സപ്പെട്ടു.
എന്നാൽ ലിസ്റ്റിൽപെട്ട 200ലേറെ കുടുംബങ്ങൾക്ക് ഭൂമിയോ രേഖയോ നൽകിയില്ല. പ്രതീക്ഷയോടെ അടിമാലിയിൽ നടന്ന നവകേരള സദസ്സിലും ഇവർ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് കുടുംബങ്ങൾ പറയുന്നു. വനം- റവന്യു വകുപ്പുകൾ സംയുക്തമായി സർവേ ടീം വരെ പ്രഖ്യാപിക്കുകയും ദേവികുളം സബ് കലക്ടറെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തുകയും ചെയ്തെങ്കിലും എല്ലാം ചുവപ്പ് നാടയിൽ കുരുങ്ങി.
ലഭിച്ച ഭൂമി അളന്ന് തിട്ടപ്പെടുത്തി നൽകണമെന്ന ആവശ്യവുമായി ഇവർ ഇനി മുട്ടാത്ത വാതിലില്ല. സർക്കാർ രേഖകളിൽ തങ്ങൾക്ക് ഭൂമി ഉള്ളതിനാൽ ലൈഫ് മിഷൻ, മറ്റു പദ്ധതികൾ എന്നിവയിൽ അപേക്ഷ നൽകാനും കഴിയുന്നില്ലെന്ന് ഇവർ പറയുന്നു. ഭൂരിഭാഗം പേരും വാടക വീടുകളിലോ ബന്ധുവീടുകളിലോ ആണ് കഴിയുന്നത്. മാങ്കുളം പഞ്ചായത്തിലെ പാമ്പുങ്കയം, കവിതക്കാട്, പെരുമ്പൻകുത്ത്, അമ്പതാം മൈൽ എന്നിവിടങ്ങളിലാണ് മിച്ചഭൂമിയുള്ളത്. ഇവിടം വനഭൂമിയാണെന്നാണ് വനംവകുപ്പിന്റെ അവകാശവാദം. ഇതാണ് നാട്ടുകാർ ചോദ്യം ചെയ്യുന്നത്.
നടപടിയില്ലെങ്കിൽ സമരം
പട്ടയം നൽകിയ ഭൂമി അളന്ന് തിട്ടപ്പെടുത്തി നൽകുകയോ അല്ലെങ്കിൽ നൽകിയ രേഖ തിരികെ വാങ്ങണമെന്നുമാണ് ഇവരുടെ ആവശ്യം. നടപടിയുണ്ടായില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് മിച്ചഭൂമിക്ക് അർഹത നേടിയവർ പറയുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.