ഇടുക്കിയിൽ കീടനാശിനികളുടെ അനധികൃത വില്പന വ്യാപകം; കണ്ണടച്ച് അധികൃതര്‍
text_fieldsഅടിമാലി: ജില്ലയില്‍ കീടനാശിനികളുടെ അനധികൃത വില്പന വ്യാപകം. പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ദോഷകരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചവയടക്കം കളനാശിനികളും കീടനാശിനികളുമാണ് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളിലൂടെ വിറ്റഴിക്കുന്നത്.
കീടനാശിനി വില്പനയുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് പുറത്തിറക്കിയിട്ടുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ച് നടക്കുന്ന ഈ കൊള്ള വ്യാപാരത്തേക്കുറിച്ച് വിവരം ലഭിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. തേയില, ഏലം, വാഴ, പച്ചക്കറി കൃഷികളിലാണ് ഇവ പ്രധാനമായി ഉപയോഗിക്കുന്നത്. തമിഴ്നാട്ടില്‍നിന്നാണ് ഇവ ജില്ലയിലെത്തുന്നത്. മാരക കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ശന ഉത്തരവുകള്‍ പുറത്തിറക്കുന്നതിനിടെയാണ് ജില്ലയില്‍ ഇവയുടെ അനധികൃത വ്യാപാരം വര്‍ധിക്കുന്നത്.
1968ലെ ഇന്‍സെക്റ്റിസൈഡ് ആക്ട്, 1971ലെ ഇന്‍സെക്റ്റിസൈഡ് റൂള്‍സ് എന്നിവക്ക് വിധേയമായാണ് സംസ്ഥാനത്ത് കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള കീടനാശിനിയുടെ വില്പനക്കും വിതരണത്തിനുമുള്ള നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് പ്രകാരം കീടനാശിനികള്‍ ഉപഭോഗ വസ്തുക്കള്‍ക്കൊപ്പം സൂക്ഷിക്കുന്നതും വിതരണം നടത്തുന്നതും കുറ്റകരമാണ്. ഇത് ലംഘിച്ചാണ് ചിലയിടങ്ങളില്‍ കീടനാശിനികളുടെ വില്പന. ഉയര്‍ന്ന കമീഷന് ലക്ഷ്യമിട്ട് ഗുണനിലവാരമില്ലാത്തതും പരിസ്ഥിതിക്ക് ഏറെ ദോഷകരവുമായ കീടനാശിനികള്‍ വിറ്റഴിക്കുന്നത്.
കുറഞ്ഞ വില വാഗ്ദാനം ചെയ്ത് കര്‍ഷകരെ വലയിലാക്കുന്ന അനധികൃത കച്ചവടക്കാര്‍ക്കുപോലും ഇത്തരം ഉൽപന്നങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് വ്യക്തതയില്ല. മണ്ണിലും ജലത്തിലും ഏറെനാള്‍ നിലനില്‍ക്കുന്ന കീടനാശിനി, അർബുദം പോലെ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നവയാണ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കീടനാശിനി വില്പനക്കാര്ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കൃഷി വകുപ്പ് ഉേദ്യാഗസ്ഥര്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
കീടനാശിനികളുടെ അമിത ഉപയോഗം നിയന്ത്രിച്ച് ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്ന് പലവട്ടം പ്രഖ്യാപിച്ചിട്ടുള്ള കൃഷി മന്ത്രിയാകട്ടെ അനധികൃത കീടനാശിനി വില്പന നിയന്ത്രിക്കാന്‍ ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.