പ്ലാമലയിൽ വനം വകുപ്പ് 20 ഏക്കറിലെ ഏലച്ചെടികൾ വെട്ടി മാറ്റി
text_fieldsകൈയേറ്റ ഭൂമിയിലെ കൃഷിയാണ് വെട്ടിമാറ്റിയതെന്ന് വനപാലകർ
അടിമാലി: പീച്ചാട് പ്ലാമലയില്‍ വനംവകുപ്പ് വീണ്ടും ഏലച്ചെടി വെട്ടി മാറ്റി. അടിമാലി റേഞ്ച് ഓഫിസര്‍ ജോജി ജോണിെൻറ നേതൃത്വത്തിലെത്തിയ വനപാലകസംഘമാണ് 20 ഏക്കറോളം ഏലച്ചെടി വെട്ടിയത്. മൂന്നാറിലെ വ്യാപാരി വി.വി. ജോര്‍ജിെൻറ ഉടമസ്ഥതയിലുള്ളതും വര്‍ഷങ്ങള്‍ പഴക്കമുള്ളതുമായ ഏലച്ചെടികളാണ് വെട്ടിക്കളഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ച നൂറുപേർ വരുന്ന വനപാലകസംഘമാണ് ഇവ വെട്ടിയത്. അടിമാലി സി.ഐ ഷാരോണിെൻറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം വനപാലകര്‍ക്ക് സംരക്ഷണം ഒരുക്കി. പ്രതിരോധിക്കാനെത്തിയ കര്‍ഷകരെയും തൊഴിലാളികളെയും പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കിയത് നേരിയ സംഘര്‍ഷത്തിനും കാരണമായി.
രണ്ടുമാസം മുമ്പ് മറ്റൊരു കര്‍ഷകെൻറ 22 ഏക്കറോളം ഏലകൃഷിയും ഇവിടെ വെട്ടി മാറ്റിയിരുന്നു. അതേസമയം, മലയാറ്റൂര്‍ റിസര്‍വില്‍ വനംവകുപ്പിെൻറ ഭൂമി കൈയേറി നടത്തിയ കൃഷിയാണ് വെട്ടിനീക്കിയതെന്ന് വനപാലകര്‍ പറഞ്ഞു. പ്രദേശത്ത് ഇനിയും ഹെക്ടർ കണക്കിന് വനഭൂമിയില്‍ ഇത്തരം കൈേയറ്റം ഉണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും വനപാലകര്‍ പറഞ്ഞു. ആനവിരട്ടി, മന്നാങ്കണ്ടം വില്ലേജ് പരിധിയില്‍ വനംവകുപ്പിെൻറ ഭൂമി ജണ്ടയിട്ട് തിരിച്ചുപിടിക്കുന്നതിെൻറ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. വരും ദിവസങ്ങളില്‍ നടപടി കൂടുതൽ വേഗത്തിലാക്കും. മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ പീച്ചാട്, പ്ലാമല, തലമാലി, നൂറാംകര ഉള്‍പ്പെടെ നിരവധിയിടങ്ങളിലാണ് വനഭൂമി കൈയേറ്റം. വനവാസികളായ ആദിവാസികളുടെ ഭൂമി പാട്ടവ്യവസ്ഥയിലും വില നല്‍കിയും കൈവശപ്പെടുത്തിയിരിക്കുന്ന വന്‍കിടക്കാര്‍ വലിയതോതിലാണ് ഏലകൃഷിയിറക്കിയിരിക്കുന്നത്.
വര്‍ഷങ്ങളായുള്ള കൈയേറ്റംമൂലം 30 ശതമാനം വനഭൂമിയാണ് മേഖലയില്‍ നഷ്ടമായത്. വന്‍തുക കൈക്കൂലി വാങ്ങി വനംവകുപ്പിലെ ഉദ്യോഗസ്ഥരും കൈയേറ്റത്തിന് ഒത്താശ നല്‍കിയിരുന്നു. ഇത്തരം ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തതായും മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന് മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ കൈയേറ്റം ഉണ്ടായിട്ടുണ്ടെന്നും അടിമാലി റേഞ്ച് ഓഫിസര്‍ ജോജി ജോണ്‍ പറഞ്ഞു. അടിക്കാടുകള്‍ വെട്ടിനശിപ്പിക്കുക വഴി വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടായതായും റേഞ്ച് ഓഫിസര്‍ പറഞ്ഞു. എന്നാല്‍, വനംവകുപ്പ് വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്ന് വെള്ളിയാഴ്ച ഏലച്ചെടി വെട്ടിയ തോട്ടത്തിെൻറ ഉടമ ജോര്‍ജ് പറഞ്ഞു.
2002 മുതല്‍ താന്‍ കരമടക്കുന്ന പട്ടയ വസ്തുവാണ് ഇത്. കോടികളാണ് നഷ്ടമുണ്ടായത്. ഇത്തരത്തില്‍ തെൻറ ഭൂമിക്ക് ചുറ്റും ഏലത്തോട്ടങ്ങള്‍ ഉണ്ടെങ്കിലും വൈരാഗ്യം തീര്‍ക്കലാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍. കൈയേറ്റമുണ്ടെങ്കില്‍ സര്‍വേ നടത്തി കണ്ടെത്തിയശേഷമാണ് നടപടി എടുക്കേണ്ടത്. ഇത് നീതികേടാണെന്നും ജോര്‍ജ് പറഞ്ഞു. രണ്ടുമാസം മുമ്പ് ഏലച്ചെടി വെട്ടിനശിപ്പിച്ചത് വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. മന്ത്രി എം.എം. മണി, എസ്.രാജേന്ദ്രൻ എം.എൽ.എ, മുൻ എം.എൽ.എ എ.കെ.മണി എന്നിവർ അന്ന് സ്ഥലത്തെത്തിയാണ് കർഷകരെ ശാന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.