മലയോര മേഖലയിൽ വൈദ്യുതി മുടക്കം പതിവ്
text_fieldsഅടിമാലി: മഴ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഹൈറേഞ്ചിൽ വൈദ്യുതി ഇല്ല. പകൽപോലും പതിവായി വൈദ്യുതി മുടങ്ങുന്നതുമൂലം വൈദ്യുതിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നടത്തുന്നവർ ദുരിതത്തിലാണ്. മാങ്കുളം, ഇടമലക്കുടി, വട്ടവട, മറയൂർ, കാന്തലൂർ, ബൈസൺവാലി, ചിന്നക്കനാൽ, ശാന്തൻപാറ, കൊന്നത്തടി, അടിമാലി, വെള്ളത്തൂവൽ, രാജാക്കാട് തുടങ്ങിയ പഞ്ചായത്തുകളിൽ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. വിദ്യാർഥികളുടെ അഡ്മിഷൻ സമയമായതിനാൽ വൈദ്യുതിയില്ലെങ്കിൽ ഒന്നും നടക്കാത്ത അവസ്ഥയിലുമായി കാര്യങ്ങൾ.
മുൻകാലങ്ങളിലും മഴയുടെ ആദ്യനാളുകളിൽ ഇത് പതിവായിരുന്നു. കാറ്റിലും മഴയിലും പൊട്ടി വീഴാനുള്ളതെല്ലാം വീണുകഴിഞ്ഞാലാണ് വിതരണം സാധാരണ നിലയിലാകുക. മിക്ക കുടിയേറ്റ ഗ്രാമങ്ങളിലും വൈദ്യുതി കടന്നുപോകുന്നത് വനത്തിലൂടെയാണ്. നേരിയ കാറ്റടിച്ചാൽപോലും മരത്തിന്റെ ശിഖരങ്ങൾ പൊട്ടി ലൈനിൽ വീഴും. ജീവനക്കാർ ഇത് മുറിച്ചുമാറ്റി വിതരണം സാധാരണ നിലയിലാക്കുമ്പോഴേക്കും അടുത്ത സ്ഥലത്ത് പൊട്ടിവീഴും. പരിമിതമായ ജീവനക്കാർ വിചാരിച്ചാലും പരിഹരിക്കാൻ കഴിയുന്ന നിലയിലല്ല കാര്യങ്ങൾ.
കല്ലാർ-മാങ്കുളം റോഡിലൂടെയാണ് ഇവിടേക്ക് വൈദ്യുതി എത്തിക്കുന്നത്. ഈ പാതയുടെ ഇരുവശവും വൻ മരങ്ങൾ നിറഞ്ഞതാണ്. ചെറിയ കാറ്റ് വീശിയാൽതന്നെ ശിഖരങ്ങൾ വൈദ്യുതി ലൈനിൽ പതിക്കുന്നു. പ്രശ്നം പരിഹരിക്കാൻ ഭൂഗർഭ കേബിൾ വഴി മാങ്കുളത്ത് വൈദ്യുതി എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വട്ടവട, മറയൂർ, ചിന്നക്കനാൽ, ബൈസൺവാലി, പള്ളിവാസൽ, വെള്ളത്തൂവൽ, കൊന്നത്തടി, അടിമാലി പഞ്ചായത്തുകളിലും വൈദ്യുതി മുടക്കം പതിവാണ്.
എലത്തോട്ടങ്ങിൽ സ്വകാര്യ വ്യക്തികളുടെ കൈവശമിരിക്കുന്ന ഭൂമിയിൽ ലൈനിനോട് ചേര്‍ന്നുള്ള മരങ്ങൾ മുറിക്കാന്‍ ഇവർ സമ്മതിക്കില്ല. ഇവയിൽ ഭൂരിഭാഗവും മഴക്കാലം തുടങ്ങുന്നതോടെ കൂട്ടത്തോടെ ഒടിഞ്ഞുവീഴാൻ തുടങ്ങും. മുൻകൂട്ടി തീരുമാനിക്കുന്ന വൈദ്യുതി മുടക്കം നാട്ടുകാരെ അറിയിക്കാൻ കെ.എസ്.ഇ.ബിയിൽ സംവിധാനമുണ്ട്. എന്നാൽ, അപ്രതീക്ഷിതമായി ഉണ്ടാകുമ്പോഴാണു ദുരിതം. മില്ലുകളിലും വര്‍ക്ക് ഷോപ്പുകളിലും ജോലി ചെയ്യുന്നവർ രാവിലെ പണി സ്ഥലത്തെത്തിയാൽ പണി നടന്നാലും ഇല്ലെങ്കിലും കൂലി കൊടുക്കണം. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം നേരത്തേ മുതൽ ഉയരുന്നുണ്ടെങ്കിലും നീളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.