ആനക്കുളം-കോഴിയള റോഡ് തകർന്നിട്ട് ഒരു പതിറ്റാണ്ട്; നന്നാക്കാൻ നടപടിയില്ല
text_fieldsഅടിമാലി: മാങ്കുളം പഞ്ചായത്തിലെ ആനക്കുളം-ഒന്നാം പ്ലോട്ട്-കോഴിയള റോഡ് നന്നാക്കാൻ നടപടിയില്ല. ഒരുപതിറ്റാണ്ടിലേറെയായി നാട്ടുകാർ ദുരിത യാത്രയിൽ. ആനക്കുളത്തുനിന്ന് മൂന്ന് കിലോമീറ്ററാണ് കോഴിയള കുടിയിലേക്കുള്ളത്. വയോധികർ, രോഗികൾ, വിദ്യാർഥികൾ തുടങ്ങിയവരാണ് യാത്രാദുരിതം കൂടുതലായി അനുഭവിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡിന്റെ ആനക്കുളം മുതൽ ഒന്നാം പ്ലോട്ട് വരെയുള്ള രണ്ട് കിലോമീറ്ററിൽ ഒരുപതിറ്റാണ്ടു മുമ്പ് ടാറിങ് ജോലികൾ നടന്നിരുന്നു. എന്നാൽ, നിർമാണത്തിനു പിന്നാലെ തകർന്ന റോഡ് അറ്റകുറ്റപ്പണി നടത്താൻ അധികൃതർ കൂട്ടാക്കിയിട്ടില്ല.
ഇതോടൊപ്പം ഒന്നാം പ്ലോട്ടിൽനിന്ന് കോഴിയള വരെയുള്ള ഒരു കിലോമീറ്റർ ഇപ്പോഴും മൺറോഡാണ്. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ബന്ധപ്പെട്ടവർ കൂട്ടാക്കാതെ വന്നതോടെ കാലവർഷത്തിൽ ഇതുവഴിയുള്ള കാൽനടയും ദുരിതമായി മാറി. മാങ്ങാപ്പാറ, കോഴിയള, ഇടമലക്കുടി തുടങ്ങിയ ഗോത്രസങ്കേതങ്ങളിലേക്കുള്ള റോഡാണിത്. ഇതോടൊപ്പം കോഴിയള വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കിയാൽ അവിടെനിന്ന് തൊണ്ണൂറ്റാറ് വഴി മാങ്കുളം-ആനക്കുളം റോഡിലെ കുവൈറ്റ് സിറ്റിയിൽ എത്തിച്ചാരാനാകും. ആനക്കുളത്ത് എത്തുന്ന വിനോദസഞ്ചാരികളിൽ പലരും തിരികെ മാങ്കുളത്തേക്കുള്ള യാത്രക്ക് കോഴിയള, തൊണ്ണൂറ്റാറ് റോഡാണ് തെരഞ്ഞെടുക്കുന്നത്. ഇത്തരം സാഹചര്യത്തിൽ തകർന്നു കിടക്കുന്ന റോഡ് പുനർനിർമിക്കാൻ പൊതുമരാമത്ത് വിഭാഗം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.