സംരക്ഷണഭിത്തിയും ചുറ്റുമതിലും തകർന്നിട്ട് വർഷങ്ങൾ; അംഗൻവാടി അപകടാവസ്ഥയിൽ
text_fieldsഅടിമാലി: സംരക്ഷണ ഭിത്തിയും ചുറ്റുമതിലും തകർന്ന് രാജാക്കാട് ഗ്രാമപഞ്ചായത്തിലെ ചേലച്ചുവട്ടിലെ രണ്ടാം നമ്പർ അംഗൻവാടി അപകടാവസ്ഥയിലായിട്ട് നാളുകളായി. 2018 ലെ കാലാവർഷക്കെടുതിയിൽ ചുറ്റുമതിലും സംരക്ഷണ ഭിത്തിയും തകർന്നതോടെയാണ് അംഗൻവാടി അപകടാവസ്ഥയിലായത്.
ഏഴു കുട്ടികളും മുപ്പതിൽപരം ഉപഭോക്താക്കളും ഈ അംഗൻവാടിയുടെ കീഴിൽ ഉണ്ട്. സംരക്ഷണഭിത്തിയുടെ ബലക്ഷയം അംഗൻവാടിയുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്. 2022 - 23 വർഷത്തെ അംഗൻവാടി മെയിന്റനൻസിൽ ഉൾപ്പെടുത്തി ചേലച്ചുവട് അംഗൻവാടിക്ക് 16 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചു. പിന്നീട് വാർഡംഗം അറിയിക്കാതെ അസി. എൻജിനീയറെ കൊണ്ടുവന്ന് എസ്റ്റിമേറ്റ് എടുപ്പിച്ച് തുക 4.50 ലക്ഷമായി വെട്ടിച്ചുരുക്കി. ഇതുമൂലം കരാറുകാർ ആരും ജോലി എടുത്തില്ല. വർക്ക് സ്പിൽ ഓവർ ആവുകയും ചെയ്തു. പഞ്ചായത്ത് അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചെന്നുമാണ് പറയുന്നത്.
ജില്ല പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ഫണ്ട് നൽകാമെന്നറിക്കുകയും ചെയ്തിരുന്നെങ്കിലും പഞ്ചായത്ത് ആവശ്യമായ ഫണ്ട് മാറ്റിവെച്ചിട്ടുണ്ടെന്നതിനാൽ ആ തുക നൽകിയില്ല. 2018 മുതൽ എല്ലാ ഗ്രാമസഭകളിലും വർക്കിങ് കമ്മിറ്റികളിലും ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും അംഗൻവാടി കെട്ടിടത്തിന്റെ കൽഭിത്തിയും പിൻഭാഗവും നിർമിക്കാനായിട്ടില്ല. അടിയന്തിരമായി പ്രശ്നപരിഹാരമുണ്ടാക്കണമെന്നതാണ് രക്ഷാകർത്താക്കളുടെയും പൊതു പ്രവർത്തകരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.