കോടികൾ മുടക്കിയ പദ്ധതികൾ പാഴായി; ജലനിധി ഉണ്ട്, കുടിവെള്ളമില്ല
text_fieldsഅടിമാലി: ഹൈറേഞ്ച് മേഖലകളിൽ ജലനിധി പദ്ധതി നടപ്പാക്കിയ പല പഞ്ചായത്തുകളിലും കുടിവെള്ളം കിട്ടാതെ ജനം വലയുന്നു. അടിമാലി, വെള്ളത്തൂവല്‍, കൊന്നത്തടി, മാങ്കുളം പഞ്ചായത്തുകളിലാണ് വേനല്‍ കനത്തതോടെ കുടിവെള്ളം മുട്ടിയത്. ജില്ലയില്‍ ആദ്യമായി ജലനിധി പദ്ധതി നടപ്പിലാക്കിയ വെള്ളത്തൂവല്‍ പഞ്ചായത്തിലെ കൂമ്പന്‍പാറ, മാങ്കടവ്, ഓടക്കാസിറ്റി, നായിക്കുന്ന്, വെള്ളത്തൂവല്‍, കത്തിപ്പാറ, അടിമാലി പഞ്ചായത്തിലെ ദേവിയാര്‍ കോളനി, പതിനാലാംമൈല്‍, കമ്പിലൈന്‍, വടക്കേച്ചാല്‍, കൈതച്ചാല്‍, ആദിവാസി സങ്കേതമായ ചിന്നപ്പാറ, തലമാലി,പടിക്കപ്പ്,കട്ടമുടി, ഒഴുവത്തടം, മച്ചിപ്ലാവ്, തലയൂരപ്പന്‍കുടി, മാങ്കുളം പഞ്ചായത്തിലെ പെരുമ്പന്‍കുത്ത്, റേഷന്‍കടപ്പടി, മാങ്കുളം, താളുംകണ്ടം, വേലിയാംപാറ, മുനിപാറ, കൊന്നത്തടി പഞ്ചായത്തിലെ അഞ്ചാംമൈല്‍, വിമലസിറ്റി, കാക്കാസിറ്റി, വിമലസിറ്റി, പൊന്മുടി, പണിക്കന്‍കുടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്. ജലനിധി പദ്ധതിയില്‍ ഉൾപ്പെടുത്തി കൂറ്റന്‍ പദ്ധതികള്‍ നടപ്പാക്കിയ പ്രദേശങ്ങളാണ് ഇവയെല്ലാം.
അടിമാലി പഞ്ചായത്തിലെ കൈനഗിരി കുടിവെള്ള പദ്ധതി പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ കോടിയിലേറെ മുടക്കിയ ദേവിയാര്‍ കുടിവെള്ള പദ്ധതി, ആനവിരട്ടി കുടിവെള്ള പദ്ധതി, അഞ്ചാംമൈല്‍ കുടിവെള്ള പദ്ധതി, കട്ടമുടി കുടിവെള്ള പദ്ധതി, ചിന്നപ്പാറകുടി കുടിവെള്ള പദ്ധതികളോക്കെ പാതിവഴിയില്‍ നിലച്ചു. മൂന്ന് പഞ്ചായത്തുകളില്‍ ജലനിധി പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചവയുമാണ്. 2013ല്‍ ലോകബാങ്ക് സഹായത്തോടെ ജലനിധി ഏജന്‍സി വഴിയാണ് ദേവിയാർ പദ്ധതി നിർമാണം ആരംഭിച്ചത്. ഒന്നേകാല്‍ കോടിയാണ് പദ്ധതിക്കായി കരാറുകാരന് നല്‍കിയത്.
250 കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കാനാണ് പദ്ധതിക്ക് രൂപം നല്‍കിയത്. 2,500 മുതല്‍ 3,500 രൂപവരെ ഓരോ കുടുംബങ്ങളില്‍ നിന്നും ഏജന്‍സി പിരിച്ചെടുത്തിട്ടുണ്ട്. എന്നാല്‍, ഒരാള്‍ക്ക് പോലും വെള്ളം എത്തിച്ച് നല്കാന് കഴിഞ്ഞിട്ടില്ല. വാളറ കോളനിപാലത്തിന് സമീപം കൂറ്റന്‍ കുളം നിര്‍മ്മിക്കുകയും മുനിയറച്ചാല്‍ മലമുകളില്‍ വലിയ ടാങ്കുകള്‍ നിർമിക്കുകയും വീടുകളില്‍ പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്ത വലിയ പദ്ധതിയാണ് ദേവിയാര്‍ ജലനിധി പദ്ധതി. പദ്ധതി വിഹിതവും ഗുണഭോത്യവിഹിതവും അധികമായി ഗുണഭോക്താക്കള്‍ പിരിച്ച് നല്കിയ ലക്ഷങ്ങളും പാഴായതല്ലാതെ ഇവിടെ ആര്‍ക്കും വെള്ളമെത്തിയിട്ടില്ല. 20 സെന്റ് കോളനി, ലക്ഷം വീട് കോളനി, കോളനി മുക്ക് എന്നിവിടങ്ങളിലുള്ളവര്‍ കുടിവെള്ളംചുമന്ന് കൊണ്ടുവരികയാണ് ഇപ്പോൾ. മക്കുംചാല്, ചെക്ക്ഡാം, ആനക്കുളം, എസ് പി കുടി, പുതുക്കുടി തുടങ്ങിയ മേഖലകളില്‍ വെള്ളം എത്തിക്കേണ്ടതുണ്ട്.
പണമടച്ച് ആദിവാസികള്‍ കുടിവെള്ളത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് ഏഴ് വര്‍ഷത്തോളമായി. പദ്ധതി കമീഷന് ചെയ്യും മുമ്പേ പഞ്ചായത്തിനെ ഏല്‍പ്പിച്ച് കരാറുകാരന് മുഴുവന്‍ തുകയും മാറിയെടുത്ത് ഇവിടം വിട്ടു. ഇനി കുടിവെള്ളം കിട്ടുമെന്ന യാതൊരു പ്രതീക്ഷയും ഇവര്‍ക്കില്ല. ചിന്നപ്പാറ-ദേവിയാര്‍ -കൈനഗിരി പദ്ധതികളുടെ നടത്തിപ്പിനെകുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം ഗുണഭോക്ത്താക്കളും രംഗത്തെത്തിയിട്ടുണ്ട്. നാല് പഞ്ചായത്തുകളിലെ നടപ്പ് പദ്ധതികള്‍ ജലനിധി ഏറ്റെടുത്തത് മാത്രമാണ് ജലനിധികൊണ്ടുള്ള പ്രയോജനം. ഇത് സംബന്ധിച്ചും അന്വേഷണം വേണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.